കരുനാഗപ്പള്ളി:മാതാ അമൃതാനന്ദമയിയുടെ 71-ാം ജന്മദിനം ആനന്ദത്തോടെ കൊണ്ടാടി അമൃതപുരി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചടങ്ങുകൾ ലളിതമായിരുന്നു.
രാവിലെ 5ന് ഗണപതി ഹോമത്തോടെ തുടക്കമായി. തുടർന്ന് ലളിതാ സഹസ്രനാമാർച്ചന. 7.30ന് മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദ പുരിയുടെ സത്‌സംഗം. 9 ഓടെ പുഞ്ചിരി തൂകി അമ്മയെത്തി. സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ നേതൃത്വത്തിൽ ഗുരുപാദുക പൂജ. അമ്മ ജന്മദിന സന്ദേശം നൽകി. തുടർന്ന് അമ്മയുടെ നേതൃത്വത്തിൽ ധ്യാനവും ഭജനയും വിശ്വശാന്തി പ്രാർത്ഥനയും.
ചടങ്ങിൽ കവി പ്രൊഫ. വി.മധുസൂദനൻ നായർക്ക് അമൃതകീർത്തി പുരസ്‌കാരം മാതാ അമൃതാനന്ദമയി സമ്മാനിച്ചു. സ്നേഹം പ്രപഞ്ചത്തെ സമ്പൂർണമായി ലയിപ്പിക്കുന്ന അമൃതസാഗരമാണ്. സ്നേഹം അമൃതമാകുമ്പോൾ സർവാനന്ദമാകുന്നു. അതുകൊണ്ടാണ് അമ്മ ഇരിക്കുന്ന ഇവിടം അമൃതിപുരിയായതെന്ന് പ്രൊഫ. വി.മധുസൂദനൻ നായർ പറഞ്ഞു.
ആത്മീയപുസ്തകങ്ങളുടെ പ്രകാശനവും നടന്നു. നൂറുപേരുടെ സമൂഹവിവാഹത്തിൽ അമ്മ എല്ലാവർക്കും വരണ്യമാല്യം എടുത്തുനൽകി. തുടർന്ന് പതിനായിരക്കണക്കിന് ഭക്തർക്ക് അമ്മ ദർശനം നൽകി.
സ്നേഹം നിർഭയത്വത്തിൽ
നിന്ന് : മാതാ അമൃതാനന്ദമയി
നിർഭയത്വത്തിൽ നിന്നാണ് സ്‌നേഹം ജനിക്കുന്നതെന്ന് മാതാ അമൃതാനന്ദമയി ജന്മദിന സന്ദേശത്തിൽ പറഞ്ഞു. സ്‌നേഹത്തിൽ നിന്നാണ് നന്മയുടെ തിളക്കമുള്ള സൃഷ്ടികൾ ഉണ്ടാകുന്നത്. സ്വാർത്ഥത ഭയമാണ്. അത് നമ്മുടെ ഊർജ്ജം ഊറ്റിക്കുടിച്ച് ബലഹീനരും നിസഹായരുമാക്കും.
യുദ്ധങ്ങൾക്കും പകപോക്കലിനും പകരം ക്ഷമയുടെയും സ്നേഹത്തിന്റെയും വിട്ടുവീഴ്ചയുടെയും ഭാവവും പ്രവൃത്തിയും ഉയരണം. പ്രകൃതിയെ ചൂഷണം ചെയ്യാനുള്ള വെമ്പലിൽ നമ്മുടെയും ഉറ്റവരുടെയും പ്രാണനും സ്വത്തും നഷ്ടമാക്കുന്ന ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണം.
ആത്മപരിശോധനയിലൂടെ മനോഭാവം മാറ്റാൻ ആരും തയ്യാറാകുന്നില്ല. 'കാര്യങ്ങൾ ഗുരുതരമാണ്. പക്ഷെ, കുഴപ്പമില്ല'' എന്നാണ് നമ്മുടെ നിലപാട്. ഒരുവശത്ത് സത്യം, ന്യായം എന്നിവയെ കുറിച്ച് പ്രസംഗിക്കും. മറുവശത്ത് അതേ മൂല്യങ്ങൾ കാറ്റിൽ പറത്തും. മദ്യവും പുകയിലയും മാരക രോഗങ്ങളുണ്ടാക്കുമെന്ന് പരസ്യം ചെയ്യും. ജി.ഡി.പി വർദ്ധിപ്പിക്കാൻ അവയുടെ ഉത്പാദനം വർദ്ധിപ്പിക്കും. ലോകത്തിന്റെയും പ്രകൃതിയുടെയും നിലനിൽപ്പും ജനങ്ങളുടെ ആരോഗ്യവും അതിനേക്കാൾ പ്രധാനമാണ്. അതുകൊണ്ട് ഒരു സന്തുലിതാവസ്ഥ വേണമെന്നും അമ്മ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |