മൃതദേഹം അർജുന്റേതെന്ന് ഡി.എൻ.എ ഫലം
അങ്കോള (ഉത്തര കർണ്ണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽ ലോറിയിൽ നിന്ന് വീണ്ടെടുത്ത അർജുന്റെ ഭൗതിക ദേഹം ഇന്ന് പുലർച്ചെ ആറ് മണിയോടെ കോഴിക്കോട്ടെ വീട്ടിൽ എത്തിക്കും.
ഡി.എൻ.എ സ്ഥിരീകരിച്ചതിനെ തുടർന്ന് അർജുന്റെ ശരീര ഭാഗങ്ങൾ ഇന്നലെ രാത്രി ഏഴ് മണിക്ക് ശേഷമാണ് കാർവാർ കിംസ് ആശുപത്രി മോർച്ചറിയിൽ നിന്ന് ബന്ധുക്കൾക്ക് കൈമാറിയത്. സഹോദരനായ അഭിജിത്ത്, സഹോദരീ ഭർത്താവ് ജിതിൻ എന്നിവർ ഭൗതിക ദേഹം ഏറ്റുവാങ്ങി. പ്രത്യേകം തയ്യാറാക്കിയ ആംബുലൻസിൽ കയറ്റി ജന്മനാട്ടിലേക്ക് തിരിച്ചു.
ലോറിയുടെ ക്യാബിനിൽ കണ്ടെത്തിയ മകന്റെ കളിപ്പാട്ട ലോറി, അർജുന്റെ വാച്ച്, ചെരുപ്പ്, ഫോണുകൾ, പ്രഷർ കുക്കർ, സ്റ്റീൽ പാത്രങ്ങൾ, രേഖകൾ, ബാഗ് തുടങ്ങിയ സാധനങ്ങൾ ഇന്നലെ വൈകിട്ടു തന്നെ ആംബുലൻസിൽ കയറ്റിയിരുന്നു.
കാർവാർ പൊലീസ് ആംബുലൻസിന് അകമ്പടിയായി. അതിർത്തി മുതൽ കേരള പൊലീസും ഒപ്പമുണ്ടായി. തെരച്ചിലിന് ആദ്യവസാനം നേതൃത്വം കൊടുത്ത കാർവാർ എം എൽ എ സതീഷ് കൃഷ്ണ സെയിലും ആംബുലൻസിനൊപ്പം തിരിച്ചു. മഞ്ചേശ്വരം എം എൽ എ എ കെ എം അഷ്റഫും ഒപ്പമുണ്ട്. രാത്രി ആയതിനാൽ വഴിയിൽ അന്തിമോപചാര ചടങ്ങുകൾ ഒഴിവാക്കണമെന്ന് കാർവാർ ജില്ലാ ഭരണകൂടം നിർദ്ദേശിച്ചിരുന്നു. ലോറി ഉടമയായ മനാഫും സംഘവും നാട്ടിലേക്ക് തിരിച്ചിരുന്നു. കാർവാർ ജില്ലാ ഭരണകൂടം സജ്ജീകരിച്ച ആംബുലൻസിന്റെ എല്ലാ ചെലവും കേരള സർക്കാർ വഹിക്കും.
കർണാടക അഞ്ചു ലക്ഷം നൽകും
അർജുന്റെ കുടുംബത്തിന് കർണാടക സർക്കാർ അഞ്ച് ലക്ഷം രൂപ നൽകും. ആ തുക അമ്മയെ ഏല്പിക്കാനാണ് സതീഷ് കൃഷ്ണ സെയിൽ എം എൽ എ എത്തുന്നത്. സംസ്‌കാര ചടങ്ങിന് ശേഷമേ അദ്ദേഹം മടങ്ങൂ എന്നാണറിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |