കോഴിക്കോട്: പി.വി.അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നിലെ ഗൂഢാലോചന എവിടെ നിന്നാണെന്ന് മുഖ്യമന്ത്രി സ്വന്തം പാർട്ടിക്കുള്ളിൽ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
അൻവർ ഉയർത്തിയ ആരോപണങ്ങളെല്ലാം അതിന് മുമ്പ് താനും യു.ഡി.എഫ് നേതാക്കളും അക്കമിട്ട് നിരത്തുകയും പരാതി നൽകുകയും ചെയ്തതാണ്. പക്ഷെ സ്വന്തം എം.എൽ.എ അതേ ആരോപണവുമായി രംഗത്തെത്തിയപ്പോഴാണ് മുഖ്യമന്ത്രിയും പാർട്ടിയും കുലുങ്ങിയത്. അതിന് പിന്നിലെ കൈകളെ തപ്പി നടക്കേണ്ടത് സി.പി.എമ്മിനുള്ളിലാണ്. വൈകാതെ അത് പുറത്തുവരുമെന്നും വാർത്താസമ്മേളനത്തിൽ സതീശൻ പറഞ്ഞു.
സി.പി.എമ്മിന് പി.വി.അൻവർ എം.എൽ.എയെ ഭയമാണ്. അതിനാലാണ് വി.എസിന് കിട്ടാത്ത ആനുകൂല്യം അൻവറിന് കിട്ടുന്നത്. വി.എസിനെ ബക്കറ്റിലെ വെള്ളമെന്ന് വിശേഷിച്ചവർ അൻവറിനെക്കുറിച്ചെന്താണ് ഇത്തരം ആരോപണങ്ങളുന്നയിക്കാത്തത്.? ഗുരുതരമായ വിഷയത്തിൽ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്. ഇന്ന് വൈകീട്ട് എല്ലാ തെരുവുകളിലും യു.ഡി.എഫ് പ്രതിഷേധ യോഗം നടത്തും. സി.പി.എമ്മിനകത്തെ പ്രശ്‌നങ്ങളാണ് ഇപ്പോൾ പടയൊരുക്കമായി പുറത്തുവരുന്നത്. കാണാനിരിക്കുന്ന പൂരം വരാനിരിക്കുന്നതേയുള്ളൂ. റിയാസിനെ മുന്നിലേക്ക് കൊണ്ടുവരുന്നതിൽ പാർട്ടിയിൽ വലിയ എതിർപ്പുണ്ട്.
,മുഖ്യമന്ത്രിക്കും പാർട്ടിക്കുമുള്ള ഭയം ഇപ്പോൾ പറഞ്ഞതിനേക്കാൾ വലുത് അൻവർ പുറത്തുവിടുമെന്നതാണ്. അതിനാലാണ് അൻവറിനെതിരെ ആരും മിണ്ടാത്തത്. . മാഫിയാ സംഘമാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ. ഉപജാപക സംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. എഡി.ജി.പിക്കെതിരേ നാല് അന്വേഷണങ്ങൾ നടക്കുമ്പോഴും അയാൾക്കെതിരെ നടപടിയില്ല. എല്ലാ അന്വേഷണവും പ്രഹസനമാണ്. പൂരം കലക്കൽ സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ഗൂഢാലോചനയാണെന്നും സംസ്ഥാന ഭരണം സ്തംഭനത്തിലാണെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |