ടെൽ അവീവ്: ലെബനനിൽ കരയുദ്ധം നടത്തുമെന്ന ഇസ്രയേലിന്റെ ഭീഷണിക്ക് പിന്നാലെ ഹിസ്ബുള്ള ആസ്ഥാനത്ത് ആക്രമണം. ഹിസ്ബുള്ള നേതാവ് ഹസൻ നസ്‌റല്ലയെ ലക്ഷ്യമാക്കി ബെയ്റൂട്ടിലെ ഹിസ്ബുള്ളയുടെ സൈനിക ആസ്ഥാനത്താണ് വ്യോമാക്രമണം നടത്തയത്. നസ്‌റല്ല കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുണ്ട്. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. 76 പരിക്കേറ്റു. ആറ് കെട്ടിടങ്ങൾ നാമാവശേഷമായി.ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യു.എന്നിൽ അഭിസംബോധന നടത്തിയതിന് പിന്നാലെയായിരുന്നു വ്യോമാക്രമണം. കരയുദ്ധത്തിന്റെ ഭാഗമായി ഇസ്രയേൽ സൈന്യം ലെബനന്റെ വടക്കൻ അതിർത്തിയിൽ കൂടുതൽ ടാങ്കുകളും കവചിത വാഹനങ്ങളും വിന്യസിച്ചു. കരവഴി ലെബനനിലേക്ക് കടക്കാൻ ഇസ്രയേൽ സൈന്യത്തിന് നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് നീക്കം. യുദ്ധത്തിന് തയ്യറായിരിക്കണമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാല്ലന്റ് സൈന്യത്തോട് നിർദ്ദേശിച്ചു.
വ്യാഴാഴ്ച ഉന്നത തെക്കൻ ബെയ്റൂട്ടിലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ മുഹമ്മദ് സ്‌രൂറിനെ (51) വധിച്ചിരുന്നു. ഹിസ്ബുള്ളയുടെ ഡ്രോൺ യൂണിറ്റിന്റെ മേധാവി ആയിരുന്നു.
യെമനിലെ ഹൂതി പോരാളികളെ പരിശീലിപ്പിക്കാൻ ഹിസ്ബുള്ള സ്‌രൂറിനെ നിയോഗിച്ചിരുന്നു.
ഹിസ്ബുള്ള കമാൻഡർമാരെ ഉന്നമിട്ട് ഇസ്രയേൽ തെക്കൻ ബെയ്‌റൂട്ടിൽ നടത്തിയ നാലാമത്തെ ആക്രമണമാണിത്. ഇതിൽ ഹിസ്ബുള്ളയുടെ റദ്‌വാൻ സേനാ മേധാവി ഇബ്രാഹം അഖീൽ ഉൾപ്പെടെ ഏതാനും കമാൻഡർമാർ കൊല്ലപ്പെട്ടിരുന്നു.
അതിനിടെ, ഇസ്രയേലിനെതിരെ യെമനിലെ ഹൂതികൾ മിസൈൽ ആക്രമണം നടത്തി. ഹൂതികളുടെ മിസൈൽ ആരോ എയർ ഡിഫൻസ് സിസ്റ്റം നിർവീര്യമാക്കിയതായി ഇസ്രയേൽ സേന അറിയിച്ചു. വ്യാഴാഴ്ച രാത്രി യെമനിൽ നിന്ന് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലാണ് അതിർത്തിയ്ക്ക് പുറത്തുവച്ച് നിർവീര്യമാക്കിയത്.
ലെബനനെയും ഹിസ്ബുള്ളയെയും പിന്തുണയ്ക്കുമെന്ന് ഹൂതികളുടെ നേതാവായ അബ്ദുൾ മാലിക് അൽ-ഹൂതി വ്യക്തമാക്കി.
ലെബനനിൽ വെടിനിറുത്തലിന് യു.എസ് നേതൃത്വത്തിൽ സഖ്യരാജ്യങ്ങൾ മുന്നോട്ടുവച്ച കരാർ കഴിഞ്ഞ ദിവസം ഇസ്രയേൽ തള്ളിയിരുന്നു. തിങ്കളാഴ്ച മുതൽ തെക്കൻ ലെബനനിൽ തുടരുന്ന മിസൈൽ ആക്രമണത്തിൽ മരണം 800 ആയി. 30,000ത്തിലധികം ആളുകൾ സിറിയയിലേക്ക് പലായനം ചെയ്‌തു.
വ്യോമാക്രമണത്തിൽ 25 മരണം
ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ ഇന്നലെ 25 പേർ കൊല്ലപ്പെട്ടെന്ന് ലെബനീസ് ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. ലെബനൻ പട്ടണങ്ങളായ കാരക്, ഷ്മെസ്റ്റാർ എന്നിവിടങ്ങളിലും ബെക്കാ താഴ്‌വരയിലും നിരവധി ഇസ്രയേലി വ്യോമാക്രമണങ്ങൾ നടന്നു. ഹിസ്ബുള്ള ഇസ്രയേലിന് നേരെ നിരവധി റോക്കറ്റുകളും വിക്ഷേപിച്ചു. സംഘർഷം രൂക്ഷമാകുന്നതിനാൽ ലെബനനിലേക്കുള്ള യാത്ര ഒഴിവാക്കാൻ ബെയ്‌റൂട്ടിലെ ഇന്ത്യൻ എം.ബസി ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. തിരിച്ച് നാട്ടിലേക്ക് വരാനും ആവശ്യപ്പെട്ടു. യു.എസ് അടക്കമുള്ള രാജ്യങ്ങളും അവരുടെ പൗരന്മാരേയും തിരികെ വിളിച്ചു.
ഹമാസ് കീഴടങ്ങണം: നെതന്യാഹു
ന്യൂയോർക്ക്: ഹമാസ് പൂർണമായും ഇല്ലാതാകണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് അധികാരത്തിൽ തുടർന്നാൽ അവർ വീണ്ടും പുനഃസംഘടിപ്പിക്കപ്പെടും. ഇസ്രയേലിനെ ആക്രമിക്കും. ഹമാസ് ആയുധംവച്ച് കീഴടങ്ങി ബന്ദികളെ മോചിപ്പിച്ചാൽ യുദ്ധം അവസാനിക്കുമെന്നും നെതന്യാഹു യു.എൻ. പൊതുസഭയിൽ അഭിപ്രായപ്പെട്ടു.
ഹിസ്ബുള്ളയ്‌ക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. ഈ ഭീഷണിയെ ഇല്ലാതാക്കേണ്ടത് ഇസ്രയേലിന്റെ കടമയാണ്. ഞങ്ങൾക്ക് പൗരന്മാരെ തിരിച്ചുകൊണ്ടുവരണം. അതാണ് ഞങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്. ലക്ഷ്യം കാണുന്നതുവര ഹിസ്ബുള്ളയെ അടിച്ചമർത്തുന്നതു തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |