SignIn
Kerala Kaumudi Online
Monday, 07 July 2025 6.03 PM IST

'പെണ്ണിനെക്കൊണ്ടാവില്ലെന്ന് പറഞ്ഞവർക്ക് മുന്നിൽ വിജയിച്ച് കാണിക്കും'; ബജ്ജിക്കട നടത്തുന്ന പാർവതിക്കുള്ളത് വലിയ ലക്ഷ്യം

Increase Font Size Decrease Font Size Print Page

parvathy

ആലപ്പുഴ ചേർത്തലയിലെ പോളി ടെക്‌നിക്കിന് മുന്നിലൂടെ ഹൈവേയിൽ യാത്ര ചെയ്‌താൽ വഴിയോരത്ത് ഒരു ബജ്ജിക്കട നടത്തുന്ന പെൺകുട്ടിയെ കാണാം. നിശ്ചയദാർഢ്യത്തിന്റെയും മനക്കരുത്തിന്റെയും ഉദാഹരണമാണ് പാർവതിയെന്ന ആ 24കാരി. മാതാപിതാക്കളും കുടുംബവും മുതൽ സമൂഹമാദ്ധ്യമ ലോകവുംവരെ പിന്തിരിപ്പിക്കാൻ നോക്കിയിട്ടും പോരാടാൻ ഉറപ്പിച്ചവൾ. അവൾക്ക് കരുത്തായി കൂട്ടിന് വലിയൊരു സ്വപ്‌നമുണ്ട്. പെണ്ണിനെക്കൊണ്ടാവില്ല എന്ന് ഉറപ്പിച്ച് പറഞ്ഞവർക്ക് മുന്നിൽ സ്വന്തമായി ഹോട്ടൽ തുടങ്ങി അതിന്റെ നടത്തിപ്പുകാരിയായി കാണിക്കാനുള്ള പ്രയത്നത്തിലാണ് പാർവതി.

പാ‌ർവതിയുടെ പിതാവ് രത്തൻ കൽക്കത്ത സ്വദേശിയാണ്. മാതാവ് ചോബി കണ്ണൂരുകാരിയും. പാർ‌വതി ജനിച്ചതും വളർന്നതും കൽക്കത്തയിലാണ്. എട്ടാം ക്ളാസിനുശേഷം ഡൽഹിയിലെത്തുകയും പ്ളസ് ടുവരെ അവിടെ പഠിക്കുകയും ചെയ്തു. ശേഷം 2018ലാണ് പാർവതി കേരളത്തിൽ മാതാപിതാക്കൾ നിലവിൽ താമസിക്കുന്ന ഇടുക്കിയിലെത്തുന്നത്. കേരളത്തിലെത്തി ആറുവർഷമേ ആയുള്ളൂവെങ്കിലും മലയാളം പാർവതിക്ക് നല്ല വശമാണ്.

ഇടുക്കിയിൽ നിന്ന് ആലുവയിലെത്തി കമ്പ്യൂട്ടർ കോഴ്‌സ് ചെയ്തെങ്കിലും പാർവതിയുടെ മനസ് നിറയെ ഹോട്ടൽ എന്ന മോഹമായിരുന്നു. എന്നാലത് ചെറിയ മോഹമല്ലെന്ന് പാർവതിക്കുതന്നെ അറിയാമായിരുന്നു. മാതാപിതാക്കൾ കർഷകരാണ്. സഹോദരി വിവാഹിതയായി ഡൽഹിയിൽ താമസിക്കുന്നു. സഹോദരന് ബിസിനസും. സ്വന്തം കാലിൽ നിൽക്കണമെന്നും സ്വപ്‌നം യാഥാർത്ഥ്യമാക്കണമെന്നും പാ‌ർവതി ദൃഢനിശ്ചയം ചെയ്തു. അതിന്റെ ആദ്യ പടിയായി പണം സ്വരുക്കൂട്ടുന്നതിനായി ജോലി തേടി പലയിടങ്ങളിലും അലഞ്ഞു. ഒരു കമ്പ്യൂട്ടർ സെന്ററിൽ ജോലി തരപ്പെട്ടെങ്കിലും ഹോട്ടൽ മോഹം ഉപേക്ഷിച്ചില്ല. തന്റെ സ്വപ്നം പലപ്പോഴായി വീട്ടിൽ അവതരിപ്പിച്ചെങ്കിലും നിരുത്സാഹപ്പെടുത്തുന്നതായിരുന്നു മറുപടി. പെണ്ണിനെക്കൊണ്ട് സാധിക്കുന്നതല്ല ഹോട്ടൽ നടത്തിപ്പ് എന്നും ഓഫീസ് ജോലിയാണ് നല്ലതെന്നും വീട്ടുകാർ നിരന്തരം പറഞ്ഞെങ്കിലും പാർവതി പിന്തിരിഞ്ഞില്ല. സഹോദരിയും കാര്യമായ പിന്തുണ നൽകിയില്ല. നല്ലതെന്ന് തോന്നുന്നുവെങ്കിൽ ശ്രമിച്ചുനോക്കൂവെന്ന് സഹോദരൻ പറഞ്ഞതായിരുന്നു ഏക പിന്തുണ.

കുട്ടിക്കാലം മുതൽ ഹോട്ടൽ തുടങ്ങണമെന്ന് പാർവതിക്ക് ആഗ്രഹമുണ്ടായിരുന്നു. പലതരം വിഭവങ്ങൾ ഉണ്ടാക്കാൻ ചെറുപ്പം മുതൽ ഇഷ്ടമായിരുന്നു. ഒൻപതാം ക്ളാസിൽ പഠിക്കുമ്പോഴാണ് ഹോട്ടൽ എന്ന ആഗ്രഹത്തിന് മൂർച്ചയേറിയത്. എന്നാൽ ഇത്ര ചെറുപ്പത്തിലേ അത് സാധിക്കില്ലെന്നും കുറച്ചുവർഷങ്ങൾ കഴി‌ഞ്ഞാൽ വീട്ടുകാർ വിവാഹം കഴിപ്പിച്ചയക്കുമെന്നും പാർവതിക്ക് മനസിലായി. കമ്പ്യൂട്ടർ സെന്ററിലെ ജോലിയിൽ മിച്ചം പിടിക്കാനൊന്നും ഇല്ലായിരുന്നു. ആലുവ ചേർത്തലയിൽ അമ്മയുടെ സഹോദരി വിമലയുടെ ഒപ്പമാണ് പാർവതി കഴിയുന്നത്. വീടു വിട്ടുവന്ന് തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്തിരുന്നത് വളരെ പ്രയാസമേറിയ കാലമായിരുന്നുവെന്ന് പാർവതി പറയുന്നു.

ഇതിനിടെ ഹോട്ടൽ എന്ന ആഗ്രഹം വീണ്ടും പൊടിതട്ടിയെടുത്തു. ചിറ്റപ്പൻ എന്ന് വിളിക്കുന്ന അമ്മയുടെ സഹോദരീ ഭർത്താവ് അശോകൻ ആണ് ആഗ്രഹം തുറന്നുപറഞ്ഞപ്പോൾ എല്ലാ പിന്തുണയും നൽകിയതെന്ന് പാർവതി പറയുന്നു. ഹോട്ടൽ തുടങ്ങിത്തരാൻ തനിക്ക് സാധിക്കില്ലെന്നും എന്നാൽ ചെറിയൊരു തട്ടുക്കട റെഡിയാക്കി തരാമെന്നും അശോകൻ പാർവതിക്ക് ഉറപ്പ് നൽകി. തനിക്ക് എല്ലാ കാര്യത്തിനും പൂർണ പിന്തുണ നൽകിയതും സഹായിച്ചതും ചിറ്റപ്പനും ചിറ്റമ്മയും അവരുടെ മകനുമാണെന്ന് പാർവതി പറയുന്നു. തുടർന്ന് ചിറ്റപ്പന്റെ സഹായത്തോടെ പോളി ടെക്‌നിക്കിന് എതിർവശത്തായി ചെറിയൊരു ബജ്ജിക്കട തുടങ്ങി.

പാർവതി ബജ്ജിക്കട തുടങ്ങിയെങ്കിലും ഇക്കാര്യം വീട്ടുകാർ അറിഞ്ഞിരുന്നില്ല. ഇതിനിടെ പാർവതിയുടെ ബജ്ജിക്കടയുടെ വീഡിയോ ആരോ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. ഇതുകണ്ടപ്പോഴായിരുന്നു വീട്ടുകാർ കടയെപ്പറ്റി അറിഞ്ഞത്. തുടക്കത്തിൽ മാതാപിതാക്കൾ എതിർത്തുവെന്നും ശകാരിച്ചുവെന്നും പാർവതി പറയുന്നു. ഏറെ നാളുകൾക്ക് ശേഷമാണ് വീട്ടുകാർ മകളുടെ ചെറിയ ബിസിനസ് അംഗീകരിച്ചത്.

നിലവിൽ കടയ്ക്ക് പേര് നൽകിയെങ്കിലും 'പാറൂസ് സ്‌നാക്ക്‌സ്' എന്ന പേരിൽ കട വിപുലീകരിക്കാനാണ് പാർവതിയുടെ ആഗ്രഹം. തുടക്കത്തിൽ മന്ദഗതിയിലായിരുന്നുവെങ്കിലും ഇപ്പോൾ ബജ്ജിക്കട ലാഭത്തിലാണെന്ന് പാർവതി പറയുന്നു. വലിയ രീതിയിൽ സേവിംഗ്‌സ് അല്ല, പക്ഷേ കുറച്ചെങ്കിലും മിച്ചം പിടിക്കാനുള്ള ലാഭം കിട്ടുന്നുണ്ട്. ചിക്കൻ പക്കോ‌ഡ, കോളിഫ്ളവർ ബജി തുടങ്ങി പലതരത്തിലെ ബജ്ജികൾ പാർവതിയുടെ കടയിലുണ്ട്. എല്ലാ വിഭവങ്ങൾക്കും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് പാർ‌വതി വെളിപ്പെടുത്തി. കടയുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് പാർവതി ഒറ്റയ്ക്കാണ്. വിഭവങ്ങൾ തയ്യാറാക്കുന്നതും വിൽക്കുന്നതും എല്ലാം ഒറ്റയ്ക്ക്. വൈകിട്ട് നാലുമണി മുതൽ രാത്രി ഒൻപത് മണിവരെയാണ് കട പ്രവർത്തിക്കുന്നത്. സാധനങ്ങൾ വാങ്ങാൻ ചിറ്റമ്മയുടെ മകൻ സഹായിക്കും. ഇടയ്ക്ക് ഒരു സുഹൃത്ത് സഹായിക്കാനെത്തുമെന്ന് പാർവതി പറഞ്ഞു.

ബജ്ജിക്കടയുടെ ലാഭത്തിൽ നിന്ന് രണ്ടോ മൂന്നോ ബ്രാഞ്ചുകൾ തുടങ്ങണമെന്നും അതിൽ നിന്നുള്ള ലാഭത്തിൽ നിന്ന് ഹോട്ടൽ തുടങ്ങണമെന്നാണ് പാർവതിയുടെ ആഗ്രഹം. ചൈനീസ്, കോണ്ടിനെന്റൽ, നോർത്ത് ഇന്ത്യൻ, സൗത്ത് ഇന്തൃൻ തുടങ്ങി എല്ലാ തരത്തിലെ വിഭവങ്ങളും വിളമ്പുന്ന ഹോട്ടൽ തുടങ്ങാനാണ് പാ‌ർവതിയുടെ ആഗ്രഹം.

ബജ്ജിക്കട തുടങ്ങിയ കാലത്ത് പെൺകുട്ടിയെന്ന നിലയിൽ വളരെയധികം പ്രതിസന്ധികൾ നേരിട്ടതായി പാർവതി പറയുന്നു. മോശം കമന്റുകൾ കേൾക്കേണ്ടിവന്നു. പെൺകുട്ടിയെകൊണ്ട് പറ്റുന്നതല്ല ബിസിനസ് എന്ന് ചായയും ബജിയും കഴിക്കാനെത്തുന്ന ചില കസ്റ്റമേഴ്‌സ് അടക്കം പറഞ്ഞു. കട പൂട്ടേണ്ടി വരുമെന്നും വഴിയോരത്ത് കച്ചവടം ചെയ്യുന്നത് പെൺകുട്ടിക്ക് നല്ലതല്ലെന്നും പലരും നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചു. മോശമായി പെരുമാറാൻ ശ്രമിച്ചവരെ കത്തികാട്ടി ഓടിക്കേണ്ടി വന്നു. ഹൈവേയിലെ ജോലി സുരക്ഷിതമല്ലെന്ന് പറഞ്ഞ് വീട്ടുകാർ തിരിച്ചുവിളിച്ചു. എന്നാലും പിന്തിരിയാൻ പാർവതി ഒരുക്കമായിരുന്നില്ല.

സമൂഹമാദ്ധ്യമത്തിൽ നിന്ന് നല്ല പിന്തുണ ലഭിക്കാറുണ്ടെന്ന് പാർവതി പറയുന്നു. ഇൻസ്റ്റഗ്രാം റീലുകൾ അടക്കം കണ്ട് നിരവധി പേർ ചോദിച്ചറിഞ്ഞ് വരുന്നുണ്ട്. തുടക്കത്തിൽ മോശം കമന്റുകൾ അനേകം നേരിടേണ്ടി വന്ന തനിക്ക് സമൂഹമാദ്ധ്യമത്തിൽ നിന്ന് കിട്ടുന്ന പിന്തുണ വളരെ ഊർജം പകരുന്നുവെന്നും പാർവതി പറയുന്നു. റീലുകൾ കണ്ട് ഹോട്ടൽ തുടങ്ങാൻ സഹായിക്കാമെന്ന വാഗ്ദാനവുമായി ഒരുപാട് പേ‌ർ വന്നു. എന്നാൽ ഹോട്ടൽ നടത്തിപ്പ് ചെറിയ കാര്യമല്ലെന്ന് പാർവതിക്കറിയാം. ചെറിയ തട്ടുക്കടയിൽ നിന്ന് വലിയൊരു ഹോട്ടലിലേയ്ക്ക് മാറാമെന്നാണ് പാർവതിയുടെ ഭാവി പരിപാടി. ഇതിനിടെ വിവാഹിതയായാൽ തന്റെ സ്വപ്നം ഉപേക്ഷിക്കില്ലെന്ന് പാർവതി പറയുന്നു. ജീവിതത്തിലേയ്ക്ക് വരുന്നതും തന്റെ സ്വപ്‌നത്തെ പിന്തുണയ്ക്കുന്ന ആളായിരിക്കണമെന്നാണ് പാർവതി ആഗ്രഹിക്കുന്നത്.

പെണ്ണാണ്, ഇതൊന്നും നിനക്ക് പറ്റില്ല എന്നുപറഞ്ഞ് പിന്തിരിപ്പിക്കാൻ ചുറ്റിനും ഒരുപാട് പേരുണ്ടാകുമെന്നും എന്നാൽ സ്വപ്നങ്ങളെ പെണ്ണ് എന്നതുകൊണ്ട് മാത്രം ഉപേക്ഷിക്കരുതെന്നും പാർവതി പറയുന്നു. ആഗ്രഹിക്കാൻ പെൺകുട്ടികൾക്ക് അവകാശമുണ്ട്. അത് സാധിച്ചെടുക്കാനും പഠിക്കണം. ആർക്കുവേണ്ടിയും സ്വപ്‌നം ഉപേക്ഷിക്കരുത്. സക്‌സസ് ആയി കഴിഞ്ഞ് നിരുത്സാഹപ്പെടുത്തിയ എല്ലാവർക്കും താൻ കാണിച്ചുകൊടുക്കുമെന്നും പാർ‌വതി ഉറപ്പിച്ച് പറയുന്നു.

TAGS: ALAPPUZHA, CHERTHALA, PARVATHY, BAJJI SHOP, TEASHOP, HOTEL, ADMIRING STORY, GIRL STORY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.