ഗുവാഹത്തി: സീസണിലെ ആദ്യ എവേ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില കുരുക്ക്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് 1-1 എന്ന സ്‌കോറിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് പിരിഞ്ഞത്. ആദ്യ പുകതി ഗോള്‍രഹിത സമനിലയില്‍ പിരഞ്ഞു. രണ്ടാം പകുതിയില്‍ അജാരെയുടെ ഗോളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് മുന്നിലെത്തിയത്. ഒമ്പത് മിനിറ്റുകള്‍ക്കപ്പുറം നോഹ സദൂയിയുടെ ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ഒപ്പമെത്തുകയും ചെയ്തു.
ആദ്യ പകുതിയില്‍ ഗോളടിക്കാന്‍ ഇരു ടീമുകള്‍ക്കും സാധിച്ചില്ല. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളില്‍ നോര്‍ത്ത് ഈസ്റ്റിന്റെ മലയാളി താരം ജിതിന് മികച്ചൊരു അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ബാറിനു മുകളിലൂടെ പുറത്തേക്കുപോയി. രണ്ടാം പകുതിയില്‍ മുന്നിലെത്താന്‍ ബ്ലാസ്റ്റേഴ്‌സിനും അവസരം ലഭിച്ചതാണ്. എന്നാല്‍ ബോക്‌സിനുള്ളില്‍ നിന്ന് കെപി രാഹുലിന്റെ ഷോട്ട് ഗോള്‍കീപ്പര്‍ തട്ടിയകറ്റുകയായിരുന്നു.
അജാരെ തൊടുത്ത ഫ്രീ കിക്ക് ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ സച്ചിന്‍ സുരേഷിന്റെ പിഴവിനെത്തുടര്‍ന്ന് വലയിലേക്ക് കയറുകയായിരുന്നു. താരത്തിന്റെ കൈകളില്‍നിന്ന് വഴുതിവീണ പന്ത് കാലുകള്‍ക്കിടയിലൂടെ ഗോള്‍ ലൈന്‍ കടക്കുകയായിരുന്നു. സീസണില്‍ ആദ്യ മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സിന് ഒരു ജയം, ഒരു സമനില, ഒരു തോല്‍വി എന്നിവ സഹിതം നാല് പോയിന്റാണ് സ്വന്തം അക്കൗണ്ടിലുള്ളത്. പോയിന്റ് പട്ടികയില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് മഞ്ഞപ്പട.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |