ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖത്തിലെ വിവാദമായ മലപ്പുറം പരാമർശങ്ങൾ
പി.ആർ. ഏജൻസിയുടെ നിർദേശപ്രകാരമാണ് ഉൾപ്പെടുത്തിയതെന്ന് ഹിന്ദുദിനപത്രത്തിന്റെ വെളിപ്പെടുത്തൽ.
പി.ആർ.ഏജൻസിയായ കെയ്സൺ ഗ്രൂപ്പിന്റെ പ്രസിഡന്റും മലയാളിയുമായ നിഖിൽ പവിത്രൻ ഇതു സ്ഥിരീകരിച്ചു.
മലപ്പുറം ജില്ലയിൽ നിന്ന് ഹവാലാ പണവും സ്വർണവും പിടി കൂടിയതിലുള്ള വിദ്വേഷത്തിൽ ദേശവിരുദ്ധ ശക്തികൾ സർക്കാരിനെ ആക്രമിക്കുകയാണെന്ന അഭിമുഖത്തിലെ പരാമർശം തിരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.ആർ. മനോജ് ഇംഗ്ളീഷ് ദിനപത്രത്തിന് കത്തയച്ചിരുന്നു.
തൊട്ടുപിന്നാലെ, വിവാദ ഭാഗം പി.ആർ.ഏജൻസി എഴുതി നൽകിയതു പ്രകാരം ഉൾപ്പെടുത്തിയതാണെന്നും നീക്കം ചെയ്യുകയാണെന്നും പത്രം അറിയിച്ചു. മാദ്ധ്യമ ധർമ്മത്തിന് നിരക്കാത്ത നടപടി സംഭവിക്കാൻ പാടില്ലാത്തതാണെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും വ്യക്തമാക്കി.
അഭിമുഖ വേളയിൽ
പി.ആർ ഏജൻസിയും
1. ഡൽഹി ആസ്ഥാനമായ കെയ്‌സൺ എന്ന പി.ആർ ഏജൻസി ആവശ്യപ്പെട്ടതു പ്രകാരമാണ് സെപ്‌തംബർ 29ന് രാവിലെ 9ന് കേരളാഹൗസിൽ വച്ച് മുഖ്യമന്ത്രിയുടെ അരമണിക്കൂർ അഭിമുഖമെടുത്തതെന്ന് ഹിന്ദു വ്യക്തമാക്കി. ഏജൻസി പ്രതിനിധികളും ഒപ്പമുണ്ടായിരുന്നു.
2. അഭിമുഖത്തിനുശേഷം മുഖ്യമന്ത്രി നേരത്തെ പത്രസമ്മേളനത്തിൽ പറഞ്ഞ കാര്യമെന്ന് പറഞ്ഞ് വിവാദ ഭാഗം ഉൾപ്പെടുത്താൻ രേഖാമൂലം ആവശ്യപ്പെട്ടു. അവരുടെ ആവശ്യപ്രകാരം നൽകിയ കാര്യങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നിഷേധിച്ചത്.
3 അഭിമുഖത്തിൽ പ്രത്യേക സ്ഥലത്തെക്കുറിച്ച് പരാമർശിക്കുകയോ 'രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ' അല്ലെങ്കിൽ 'ദേശവിരുദ്ധ പ്രവർത്തനങ്ങൾ' എന്നീ പദങ്ങൾ ഉപയോഗിക്കുകയോ ചെയ്‌തിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി മനോജിന്റെ കത്തിൽ പറയുന്നത്. ഇവ മുഖ്യമന്ത്രിയുടെ കാഴ്ചപ്പാടും സർക്കാരിന്റെ നിലപാടും പ്രതിഫലിപ്പിക്കുന്നില്ല. പ്രസ്താവന വിവാദങ്ങൾക്കും തെറ്റായ വ്യാഖ്യാനത്തിനും കാരണമായെന്നും വ്യക്തത വരുത്തണമെന്നും പ്രസ് സെക്രട്ടറി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |