തിരുവനന്തപുരം: ന്യായമായ ആവശ്യങ്ങൾ പോലും പരിഹരിച്ച് കൊടുക്കില്ലെന്ന വാശിയുള്ള ചില ദുർമുഖങ്ങൾ സർക്കാർ ഓഫീസുകളിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ - സ്മാർട്ട് ത്രിതല പഞ്ചായത്തുകളിൽ വിന്യസിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പലർക്കും ഇത്തരം തിക്താനുഭവങ്ങളുണ്ടായിട്ടുണ്ട്. ആ സംസ്‌കാരം മാറ്റിയെടുക്കാൻ തീവ്രശ്രമമാണ് സർക്കാർ നടത്തുന്നത്.
ജീവനക്കാരെല്ലാം മോശക്കാരാണെന്നല്ല. ഒരു വിഭാഗത്തിന് അവരുടേതായ കാര്യങ്ങളാണ് താത്‌പര്യം. തെറ്റായ പലതും നടത്തുന്നു. ഇത് അവസാനിപ്പിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തിയത്. തദ്ദേശസ്ഥാപനങ്ങളിലെ പ്രവർത്തനങ്ങളിലൂടെ ജനങ്ങൾ സർക്കാരിനെയാണ് വിലയിരുത്തുന്നത്.
വാഗ്ദാനങ്ങൾ നിറവേറ്റുന്ന പുതിയ ഭരണ സംസ്‌കാരമാണ് സംസ്ഥാനത്തുള്ളത്. ഇതിന്റെ ഭാഗമായാണ് എല്ലാവർഷവും പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കുന്നത്. ഭരണത്തിന്റെ സ്വാദ് എല്ലാവരിലേക്കും എത്തിക്കുന്നതിനും സർക്കാരും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം വർദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കും.
കാലത്തിനനുസൃതമായി സിവിൽ സർവീസിനെ നവീകരിക്കും. അതിനുള്ള ഇടപെടലാണ് കെ-സ്മാർട്ട്. രാജ്യത്ത് ഇന്റർനെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ഏക സംസ്ഥാനം കേരളമാണ്. കെ- ഫോണിലൂടെ 2023 പൊതുയിടങ്ങളെ സൗജന്യ വൈഫൈ ഹോട്ട്‌സ്‌പോട്ടുകളാക്കി. രണ്ടായിരം ഹോട്ട്‌സ്‌പോട്ടുകൾ കൂടി സ്ഥാപിക്കും.
നിമിഷങ്ങൾക്കുള്ളിൽ വ്യവസായം തുടങ്ങാനാകുന്ന നാടായി കേരളം മാറി. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ ദേശീയ തലത്തിൽ ശ്രദ്ധനേടാൻ കഴിഞ്ഞതിൽ തദ്ദേശ സ്ഥാപനങ്ങൾ വലിയ പങ്കുവഹിച്ചു. ലൈഫ് മിഷൻ, മാലിന്യ നിർമ്മാർജനം തുടങ്ങിയ പദ്ധതികളിൽ തദ്ദേശ സ്ഥാപനങ്ങൾ മികച്ച പ്രവർത്തനങ്ങൾ നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിൽഡിംഗ് പെർമിറ്റിനായി ചട്ടപ്രകാരം അപേക്ഷ സമർപ്പിച്ചാൽ ശരാശരി 9 സെക്കന്റിനുള്ളിൽ ലഭിക്കുമെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. മന്ത്രിമാരായ കെ.രാജൻ, വി.ശിവൻകുട്ടി, ജി.ആർ.അനിൽ,മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |