കൊല്ലം സ്വദേശി, അപകടം പൂനെയിൽ
കൊല്ലം: പൂനെയിൽ സ്വകാര്യ ഹെലികോപ്ടർ തകർന്നുവീണ് മലയാളി പൈലറ്റ് ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം. വ്യോമസേനയിൽ നിന്ന് വിംഗ് കമാൻഡറായി വിരമിച്ച കൊല്ലം കുണ്ടറ കുഴുമതിക്കാട് വിളയിൽ ഹൗസിൽ ഗിരീഷ്.കെ.പിള്ളയാണ് (53) മരിച്ച മലയാളി. കോ പൈലറ്റ് പരംജിത് സിംഗ്, എൻജിനിയർ പ്രീതം ഭരദ്വാജ് എന്നിവരാണ് മരിച്ച മറ്റുള്ളവർ. പൂനെ ആസ്ഥാനമായുള്ള ഹെറിറ്റേജ് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള കോപ്ടറാണെന്നാണ് പ്രാഥമിക വിവരം.
ഇന്നലെ രാവിലെ 7.30ന് പൂനെ ബവ്ധാനിലെ ഓക്സ്‌ഫോർഡ് ഗോൾഫ് ക്ലബ് മൈതാനത്ത് നിന്ന് മുംബയിലെ ജൂഹുവിലേക്ക് പറന്നുയർന്ന് അഞ്ച് മിനിട്ട് പിന്നിട്ടയുടൻ തകർന്നു വീഴുകയായിരുന്നു. കോപ്ടർ പൂർണമായും കത്തിനശിച്ചു. കനത്ത മൂടൽമഞ്ഞിൽ കാഴ്ച മറഞ്ഞതാകാം കാരണമെന്ന് കരുതുന്നു.
ഗിരീഷ്.കെ.പിള്ള ഹൈദരാബാദിലാണ് താമസിക്കുന്നത്. വ്യോമസേനയിലായിരുന്നപ്പോഴാണ് അവിടേക്ക് താമസം മാറിയത്. 2014ൽ സേനയിൽ നിന്ന് വിരമിച്ചു. തുടർന്ന് ഹെറിറ്റേജ് ഏവിയേഷനിൽ ജോലിയിൽ പ്രവേശിച്ചു. പരേതനായ ഭാസ്കരൻ പിള്ളയുടെയും ശാന്ത.ബി.പിള്ളയുടെയും മകനാണ്. ആയുർവേദ ഡോക്ടറായിരുന്ന പരേതയായ മഞ്ജു പിള്ളയാണ് ഭാര്യ. ചെന്നൈയിൽ ബി.ടെക് വിദ്യാർത്ഥിയായ രാഹുൽ, ഛത്തീസ്ഗഢിൽ ആനിമേഷൻ വിദ്യാർത്ഥിയായ രേവതി എന്നിവരാണ് മക്കൾ. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഗിരീഷിന്റെ മൃതദേഹം കുണ്ടറ കുഴുമതിക്കാട്ടെ വീട്ടിലെത്തിക്കും.
അന്വേഷണം പ്രഖ്യാപിച്ചു
സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അന്വേഷണം പ്രഖ്യാപിച്ചു. അട്ടിമറി സാദ്ധ്യതയുൾപ്പെടെ അന്വേഷിക്കുന്നുണ്ട്. എം.പിയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) നേതാവുമായ സുനിൽ തത്കരെ ഈ ഹെലികോപ്ടർ ചാർട്ട് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |