മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെ ആദ്യ സ്ക്രീനിംഗ് മുംബയ് പി .വി. ആറിൽ നടന്നു. സിനിമയുടെ ത്രിഡി വേർഷനാണ് പ്രിവ്യൂ ചെയ്തത്. മോഹൻലാൽ, ക്യാമറാമാൻ സന്തോഷ് ശിവൻ, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, സംവിധായകൻ ടി.കെ. രാജീവ് കുമാർ എന്നിവരെല്ലാം സ്ക്രീനിംഗിന് എത്തിയിരുന്നു. പി.വി.ആറിൽ നിന്നുള്ള മോഹൻലാലിന്റെയും അണിയറ പ്രവർത്തകരുടെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ക്രിസ്മസ് റിലീസായി ഡിസംബർ 19 നോ 20 നോ ആയിരിക്കും ബറോസ് തിയേറ്ററിൽ എത്തുക.
ബറോസ് എന്ന ഭൂതത്തിന്റെ വേഷമാണ് മോഹൻലാലിന്. ഗുരു സോമസുന്ദരം, മോഹൻശർമ്മ, തുഹിൻ മേനോൻ എന്നിവർക്കൊപ്പം വിദേശ താരങ്ങളായ മായ, സീസർ, ലോറന്റെ തുടങ്ങിയവരും ബറോസിന്റെ ഭാഗമാണ്. ഇന്ത്യയിലെ ആദ്യ ത്രിഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് മോഹൻലാൽ ബറോസ് ഒരുക്കുന്നത്. മാർക് കിലിയനാണ് പശ്ചാത്തല സംഗീതം. സന്തോഷ് രാമനാണ് പ്രൊഡക്ഷൻ ഡിസൈനർ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |