അജിത്കുമാറിന്റെ വീഴ്ച: പൊലീസ് മേധാവി (രണ്ടാം അന്വേഷണം)
ഗൂഢാലോചന: ക്രൈംബ്രാഞ്ച് എ.ഡി.ജി.പി
വകുപ്പുകളുടെ വീഴ്ച: ഇന്റലിജൻസ് മേധാവി
തിരുവനന്തപുരം: തൃശൂർപൂരം കലക്കിയതുമായി ബന്ധപ്പെട്ട് മൂന്നു തലത്തിൽ അന്വേഷണം നടത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സമയപരിധി നിശ്ചയിച്ചിട്ടില്ല.
പൂരം അലങ്കോലമാക്കാൻ നടത്തിയ ഗൂഢാലോചനയെയും കുറ്റകൃത്യങ്ങളെയും കുറിച്ച് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്.വെങ്കടേശിന്റെ നേതൃത്വത്തിൽ അന്വേഷിക്കും. പൂരംനടത്തിപ്പിന് ചുമതലപ്പെടുത്തിയിരുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ വീഴ്ചകൾ ഇന്റലിജൻസ് മേധാവി മനോജ് എബ്രഹാം അന്വേഷിക്കും. എ.ഡി.ജി.പി എം.ആർ.അജിത്കുമാറിന്റെ വീഴ്ചകളെക്കുറിച്ച് പൊലീസ് മേധാവി ഷേഖ്ദർവേഷ് സാഹിബ് അന്വേഷിക്കും.
തൃശൂരിലുണ്ടായിട്ടും പൂരസ്ഥലത്ത് എത്തിയില്ലെന്നതടക്കം അജിത്കുമാറിന്റെ വീഴ്ചകൾ അക്കമിട്ടു നിരത്തിയ ഡി.ജി.പിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ കൈയിലിരിക്കെയാണ് വീണ്ടും അതേക്കുറിച്ച് ഡി.ജി.പിതന്നെ അന്വേഷിക്കാൻ തീരുമാനിച്ചത്. ആദ്യറിപ്പോർട്ട് ഡി.ജി.പി പരിശോധനയ്ക്കുശേഷം നൽകിയതല്ലെന്നും വിശദമായി പരിശോധിച്ച് വീഴ്ചകൾ കണ്ടെത്തി റിപ്പോർട്ട് നൽകാനാണ് രണ്ടാമതും ചുമതലപ്പെടുത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. അജിത്തിനെതിരേ നടപടിയെടുക്കാൻ കൃത്യമായ റിപ്പോർട്ട് ലഭിക്കണം. ഡി.ജി.പിയുടെ അന്വേഷണം നിഷ്പക്ഷമായിരിക്കും. റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് തീരുമാനമെടുക്കും. ഇക്കാര്യത്തിൽ ഏതെങ്കിലും സംരക്ഷണത്തിന്റെ പ്രശ്നമില്ല.
ആർ.എസ്.എസ് നേതാക്കളെ എ.ഡി.ജി.പി കണ്ടതിലും അന്വേഷണറിപ്പോർട്ട് കിട്ടിയിട്ട് തീരുമാനിക്കും. ആരോപണത്തിന്റെ പേരിൽ ആരെയും ഒഴിവാക്കാനാവില്ല. ആർ.എസ്.എസ് നേതാക്കളെ കണ്ടത് ശരിയാണോയെന്ന് പറയേണ്ടത് റിപ്പോർട്ട് കിട്ടിയശേഷമാണ്. ഇപ്പോഴൊരു നിലപാടെടുത്താൽ പിന്നെ അന്വേഷണത്തിൽ കാര്യമില്ലാതാവും. ധൃതിപിടിച്ച് നിലപാടറിയിക്കുന്നതിൽ ഔചിത്യമില്ല -മുഖ്യമന്ത്രി പറഞ്ഞു.
അജിത്തിന്റെ റിപ്പോർട്ട്
കമ്മിഷണറായിരുന്ന അങ്കിത് അശോകന്റെ പരിചയക്കുറവും അനുനയമില്ലായ്മയും പ്രശ്നമായി
പൂരം അലങ്കോലപ്പെട്ടതിൽ തിരുവമ്പാടി ദേവസ്വത്തിന് പങ്കുണ്ട്. ഇതിൽ രാഷ്ട്രീയലക്ഷ്യമുണ്ട്
സ്വയംവെള്ളപൂശുകയും ഐ.ജി, ഡി.ഐ.ജി എന്നിവർക്ക് ക്ലീൻചിറ്റ് നൽകുകയും ചെയ്തു അജിത്
റിപ്പോർട്ട് ഡി.ജി.പിയും ആഭ്യന്തരസെക്രട്ടറിയും തള്ളി. ഗൂഢാലോചനയടക്കം അന്വേഷിക്കാൻ ശുപാർശ
അജിത്തിന്റെ കളി
രണ്ടുദിവസം മുൻപേ തൃശൂരിലെത്തിയിട്ടും പൂരദിവസം സ്ഥലത്തേക്ക് തിരിഞ്ഞുനോക്കിയില്ല
കമ്മിഷണർ അങ്കിത് തയ്യാറാക്കിയ സുരക്ഷാസ്കീം അവസാനനിമിഷം മാറ്റി, നിയന്ത്രണം കൂട്ടി
ആറു കിലോമീറ്റർ പരിധിയിലുണ്ടായിരുന്നിട്ടും രാത്രി പ്രശ്നമുണ്ടായപ്പോൾ ഇടപെട്ടില്ല
പ്രശ്നങ്ങളെത്തുടർന്ന് മൂന്നു മന്ത്രിമാർ തുടരെവിളിച്ചിട്ടും ഫോണെടുത്തില്ല, പിന്നീട് ഓഫ് ചെയ്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |