തിരുവനന്തപുരം: അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘാംഗവും നിരവധി കേസുകളിലെ പ്രതിയുമായ അടിമാലി പറത്താഴത്ത് വീട്ടിൽ മൂർഖൻ ഷാജിയെ (ഷാജിമോൻ) എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. പാലക്കാട് നിന്ന് 22 കിലോ ഹാഷിഷ് ഓയിൽ പിടികൂടിയ കേസിൽ ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു.
ഇന്നലെ പുലർച്ചെ മധുരയിൽ നിന്നാണ് ഷാജിമോനെ പിടികൂടിയത്. തിരുവനന്തപുരം എക്സൈസ് സർക്കിൾ ഓഫീസ് പരിധിയിൽ നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ ഷാജിമോനെ നേരത്തെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. സുപ്രീം കോടതി ജാമ്യം റദ്ദാക്കിയെങ്കിലും ഇയാളെ പിടികൂടാനായില്ല. തുടർന്ന് പശ്ചിമ ബംഗാൾ, ബിഹാർ, ഒഡീഷ, ആന്ധ്ര എന്നിവിടങ്ങളിലെ നക്സൽബാധിത മേഖലകളിൽ ഒളിവിൽ കഴിഞ്ഞ് ഹാഷിഷ് ഓയിൽ കടത്തുകയായിരുന്നെന്ന് എക്സൈസ് പറഞ്ഞു. ഇയാൾ കണ്ടെയ്നറുകളിലും മറ്റുമായി വിദേശത്തേക്ക് ഹാഷിഷ് ഓയിൽ കയറ്റി അയച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
പൊലീസ് വലമുറിക്കും വിരുതൻ
തമിഴ്നാട്ടിലെ ശ്രീരംഗത്തുവച്ച് മയക്കുമരുന്ന് കടത്തുസംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ പൊലീസ് പിടിയിലായെങ്കിലും ഷാജിമോൻ വിദഗ്ദ്ധമായി രക്ഷപെട്ടു. തുടർന്നുള്ള നിരീക്ഷണമാണ് ഇയാളെ വലയിലാക്കാൻ സഹായിച്ചത്. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും.
എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാർ, ഇൻസ്‌പെക്ടർമാരായ ടി.ആർ. മുകേഷ് കുമാർ, ആർ.ജി. രാജേഷ്, എസ്. മധുസൂദനൻ നായർ, കെ.വി. വിനോദ്, ഇൻസ്‌പെക്ടർ (ഗ്രേഡ്) ഡി.എസ്. മനോജ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി. സുബിൻ, എം. വിശാഖ്, കെ.ആർ. രജിത്ത്, എം.എം. അരുൺ കുമാർ, ബസന്ത് കുമാർ, രജിത്ത് ആർ. നായർ, വിനോജ് ഖാൻ സേട്ട് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |