കൊച്ചി: കോതമംഗലത്ത് തെലുങ്ക് സിനിമയുടെ ഷൂട്ടിംഗിന് കൊണ്ടുവന്ന നാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി. പരിക്കേറ്റ പുതുപ്പള്ളി സാധു എന്ന ആന ഓടി കാടുകയറി.
കോതമംഗംലം തുണ്ടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ വാടാട്ടുപാറയിൽ ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം.
20 വനംവകുപ്പ് ഉദ്യോഗസ്ഥരും പാപ്പാന്മാരുമടങ്ങുന്ന സംഘം രാത്രി ഒമ്പതുവരെ തെരഞ്ഞെങ്കിലും ആനയെ കണ്ടെത്തിയില്ല. കൂരിരുട്ടായതിനാൽ നിറുത്തിയ തെരച്ചിൽ ഇന്ന് രാവിലെ ആറിന് പുനരാരംഭിക്കും.ആന നിൽക്കുന്ന മേഖല ഏതാണ്ട് വ്യക്തമായിട്ടുണ്ട്.
സൂപ്പർതാരം വിജയ് ദേവരകൊണ്ട നായകനായ സിനിമയുടെ ചിത്രീകരണം നാലുദിവസമായി കോതമംഗലം വടാട്ടുപാറയിൽ നടക്കുകയാണ്. പുതുപ്പള്ളി സാധു, തളത്തിൽ മണികണ്ഠൻ തുടങ്ങി അഞ്ച് ആനകളെയാണ് എത്തിച്ചത്. മൂന്നെണ്ണം പിടിയാനകളാണ്. ഇന്നലെ ഷൂട്ടിംഗ് കഴിഞ്ഞ് ആനകളെ തിരികെ കൊണ്ടുപോകുന്നതിനിടെ ഒരു പിടിയാനയും കൊമ്പൻമാരായ പുതുപ്പള്ളി സാധുവും തളത്തിൽ മണികണ്ഠനും ഏറ്റുമുട്ടുകയായിരുന്നു. സാധുവും മണികണ്ഠനും കാട്ടിലേക്ക് ഓടിക്കയറി. മണികണ്ഠൻ തിരിച്ചുവന്നു. സാധു തിരിച്ചിറങ്ങിയില്ല.
കാട്ടാനകൾ ഏറെയുള്ള മേഖലയാണ് തുണ്ടം. രാത്രി കാട്ടാനകൾ പുതുപ്പള്ളി സാധുവിനെ ആക്രമിക്കുമോയെന്ന ആശങ്ക വനംഉദ്യോഗസ്ഥർക്കും പാപ്പാന്മാർക്കുമുണ്ട്. കൂരിരുട്ടിൽ നിൽക്കാൻ നാട്ടാനകൾക്ക് പ്രയാസമാണ്. അതിനാൽ വെളിച്ചം തേടി വരുമെന്നാണ് പ്രതീക്ഷ. ആനകളുടെ ചങ്ങല മാറ്റിയിരുന്നതായാണ് വിവരം. വനംവകുപ്പ് അന്വേഷിക്കുന്നുണ്ട്. നാല് ആനകളെ തിരികെ കൊണ്ടുപോയി. സിനിമയുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |