കോഴിക്കോട്: പ്രശസ്‌ത സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം നടത്തിയ പ്രതിയെ പൊലീസ് 24 മണിക്കൂറിനുള്ളിൽ തന്നെ കണ്ടെത്തിയിരുന്നു. വീടുമായി അടുത്ത ബന്ധമുള്ള ഒരാളാണ് സംഭവത്തിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ കണ്ടെത്തിയതാണ്. തുടർന്ന് വീട്ടിലെ പാചകക്കാരി ശാന്തയാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്താൻ പൊലീസിന് അധിക സമയം വേണ്ടിവന്നില്ല. ശാന്തയെ ചോദ്യം ചെയ്‌തപ്പോൾ തന്നെ അവരുടെ മറുപടിയിൽ പൊരുത്തക്കേടുകൾ തോന്നിയിരുന്നു.
തുടർന്ന് ശാന്തയുടെ വീട്ടിലെത്തി അന്വേഷണം നടത്തിയപ്പോൾ വീട് നന്നാക്കിയതും മകളുടെ വിവാഹം ആഡംബരമായി നടത്തിയെന്നും പൊലീസ് മനസിലാക്കി. ബാങ്ക് അക്കൗണ്ടുകളെ കുറിച്ചും പണത്തെക്കുറിച്ചും ചോദിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. സെപ്‌തംബറിൽ മകളുടെ വിവാഹത്തിന് എവിടെനിന്നാണ് സ്വർണം എടുത്തതെന്ന് ചോദിച്ചപ്പോൾ മിഠായി തെരുവിലെ ജുവലറിയിൽ നിന്നാണെന്നാണ് ശാന്ത മറുപടി പറഞ്ഞത്. ജുവലറിയുടെ പേര് ഇവർ പറഞ്ഞില്ല. ശാന്തയുടെ മകളാണ് കടയുടെ പേര് പറഞ്ഞത്.
പൊലീസ് ജുവലറിയിൽ എത്തിയപ്പോൾ ശാന്തയും ഭർത്താവ് സുകുമാരനുമാണ് സ്വർണം വാങ്ങാനെത്തിയതെന്ന് അവിടുത്തെ ജീവനക്കാർ പറഞ്ഞു. ഭർത്താവ് എന്നപേരിൽ ബന്ധുവായ പ്രകാശനെയാണ് ജുവലറിയിൽ കൊണ്ടുപോയതെന്ന് വ്യക്തമായി. ശാന്തയുടെ ഫോണിൽ നിന്നും ഏറ്റവും കൂടുതൽ തവണ വിളിച്ചിട്ടുള്ളതും പ്രകാശനെയാണ്. ഇതോടെയാണ് സംശയം ബലപ്പെട്ടത്. പ്രകാശനെ പിടികൂടാൻ ബാലുശേരി വട്ടോളിയിലെ വീട്ടിൽ എത്തിയപ്പോൾ ഇയാൾ ഓടി രക്ഷപ്പെടാനും ശ്രമിച്ചു.
ഇന്നലെ ഉച്ചയോടെയാണ് പ്രതികളായ കരുവിശേരി ശാന്തിരുത്തി വയലിൽ ശാന്ത (48), വട്ടോളി കുറിഞ്ഞിപ്പൊയിലിൽ പ്രകാശൻ (44) എന്നിവരെ അറസ്റ്റ് ചെയ്‌തത്. ശാന്ത നാല് വർഷത്തിനിടെ പലപ്പോഴായി വീട്ടിൽ നിന്നും ആഭരണങ്ങൾ മോഷ്‌ടിച്ചിരുന്നു. കഴിഞ്ഞ മാസം 22 മുതലാണ് കൂടുതൽ ആഭരണങ്ങൾ കവർന്നത്. മോഷ്‌ടിച്ച സ്വർണം നഗരത്തിലെ മൂന്ന് കടകളിൽ പലപ്പോഴായി വിൽക്കാൻ സഹായിച്ചതിനാണ് പ്രകാശൻ അറസ്റ്റിലായത്. പൊലീസ് കടകളിലെത്തിയെങ്കിലും സ്വർണം കണ്ടെത്താനായില്ല. ആഭരണം കണ്ടെത്തുന്നതിനായി പ്രതികളെ കോടതിയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങാൻ ഇന്ന് റിപ്പോർട്ട് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |