തിരുവനന്തപുരം: ബാധ ഒഴിപ്പിക്കലിന്റെ മറവിൽ 14കാരിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരിക്ക് ഇരട്ട ജീവപര്യന്തം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. കണ്ണമ്മൂല ബാലസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ പൂജാരി എറണാകുളം പറവൂർ കണ്ടാംതറ സ്വദേശിയും ചെല്ലമംഗലം ജനത റോഡ് ഭഗവതി മന്ദിരത്തിൽ താമസക്കാരനുമായ ബിനീഷിനാണ് (45) ശിക്ഷ. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന പോക്‌സോ കോടതി ജഡ്‌ജി എം.പി.ഷിബുവിന്റേതാണ് ഉത്തരവ്. പിഴയടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണം.
പരീക്ഷാപ്പേടി മാറാനാണ് മാതാവ് കുട്ടിയെ പൂജാരിയുടെ അടുത്തെത്തിച്ചത്. ബാധയുടെ ഉപദ്രവം ഉള്ളതിനാലാണ് പരീക്ഷപ്പേടിയെന്ന് പ്രതി കുട്ടിയുടെ മാതാവിനെ പറഞ്ഞ് വിശ്വസിപ്പിച്ചു. ബാധ ഒഴിപ്പിക്കാൻ പ്രത്യേക പൂജ വേണമെന്നും പറഞ്ഞു. പൂജയ്ക്ക് കുട്ടിയെ പൂജാമുറിയിലെത്തിച്ച പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പൂജ ചെയ്തിട്ടും പരീക്ഷാപ്പേടി മാറാത്തതിനാൽ മാതാവ് കുട്ടിയെ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഡോക്ടർമാരോട് കുട്ടി ദുരനുഭവം വിവരിച്ചു. ഡോക്ടർമാരാണ് വിവരം പൊലീസിനെ അറിയിച്ചത്.
കുട്ടിയെ പരിശോധിച്ച ഡോക്ടർ ജനനേന്ദ്രിയത്തിലടക്കം മുറിവുകളുണ്ടെന്ന് കണ്ടെത്തി. മരപ്പാവയുപയോഗിച്ച് മുറിവേൽപ്പിച്ചെന്ന് കുട്ടി മൊഴി നൽകി. പൂജാരിയുടെ മുറിയിൽ നിന്ന് 51 മരപ്പാവകൾ പൊലീസ് കണ്ടെത്തി. തന്നെ ഉപദ്രവിപ്പിക്കാൻ ഉപയോഗിച്ച പാവ കുട്ടി എടുത്തുനൽകി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ.അജിത് പ്രസാദ് ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |