മലപ്പുറം : സി.പി.എം ബന്ധം ഉപേക്ഷിച്ച നിലമ്പൂർ എം.എൽ.എ പി.വി. അൻവറിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ. നിലമ്പൂർ ചന്തക്കുന്നിൽ സി.പി.എമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് പാർട്ടി ആർക്ക് മുന്നിലും കീഴടങ്ങില്ലെന്നും ഒരു വർഗീയ വാദിക്കും ഇവിടെ സംഘർഷമുണ്ടാക്കാൻ സാധിക്കില്ലെന്നും വിജയരാഘവൻ പറഞ്ഞു.
കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങൾക്ക് മുന്നിൽ കീഴടങ്ങില്ല. മലപ്പുറത്തിന് വേറെ അർത്ഥം കൊടുക്കാനുള്ള ശ്രമമാണിവിടെ നടക്കുന്നത്. മതസൗഹാർദ്ദത്തിന്റെ അടിത്തറയാണ് മലപ്പുറം. അത് പണിയാൻ ഏറ്റവും അധികം പരിശ്രമിച്ച പാർട്ടിയാണ് ഇടതുപക്ഷം. സി.പി.എമ്മിനൊപ്പം നിന്നപ്പോൾ അൻവറിനെ കുറ്റപ്പെടുത്തിയവരാണ് മാദ്ധ്യമങ്ങൾ. കേരളത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കള്ളൻ അൻവറാണെന്നാണ് മുൻപ് പറഞ്ഞത്. മാദ്ധ്യമങ്ങൾക്ക് ഇപ്പോൾ അൻവർ ഹീറോയാണ്. പാർട്ടിയെ തകർക്കാൻ കിട്ടിയ അവസരം ആഘോഷമാക്കുന്നു എന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.
സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്തുക എന്നതാണ് ആർഎസ്എസ് അജണ്ട. കള്ളക്കടത്തുകാരുടെ കൈയടി ലഭിക്കുന്ന പ്രവർത്തനം സിപിഎം നടത്താറില്ലെന്നും അദ്ദേഹം പറഞ്ഞു.വർഗീയ ശക്തികളും കമ്യൂണിസ്റ്റ് വിരുദ്ധരും മാദ്ധ്യമങ്ങളും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിച്ചിട്ടും കേരളത്തിൽ തുടർഭരണമുണ്ടായി. സർക്കാരിനെതിരെ കള്ളം പറയാൻ മാത്രം ശമ്പളം കൊടുത്ത് മാദ്ധ്യമ പ്രവർത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവർ കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്നവരാണെന്നും വിജയരാഘവൻ വിമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |