തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ ദുരന്തം വിതച്ച സാഹചര്യത്തിൽ ജില്ലകൾക്ക് അടിയന്തര ധനസഹായമായി സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിൽ നിന്ന് 22.5 കോടി രൂപ അനുവദിച്ചതായി മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു. വയനാടിന് രണ്ടരക്കോടി രൂപയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകൾക്ക് രണ്ടു കോടി രൂപയും നൽകും. ഏത് രീതിയിലുള്ള അപകടങ്ങൾ ഉണ്ടായാലും നേരിടാൻ സർക്കാർ സജ്ജമാണ്. ആരും ആശങ്കപ്പെടേണ്ടതില്ല. രക്ഷാപ്രവർത്തനത്തിന് കൂടുതൽ സൈനികരും ദുരന്തനിവാരണ സേനയും എത്തുന്നുണ്ട്.
അതേസമയം, കോഴിക്കോട് കുറ്റ്യാടി പുഴയിൽ കാണാതായ 2 പേരുടെ മൃതദേഹങ്ങൾ ഇന്ന് രാവിലെ കണ്ടെത്തി. മാക്കൂൽ മുഹമ്മദ് ഹാജി, ഷെരീഫ് സഖാവി എന്നിവരുടെ മൃതദേഹങ്ങളാണ് രാവിലെയോടെ കണ്ടെത്തിയത്. കോഴിക്കോട് ജില്ലയിൽ ഇതേവരെ മഴകെടുതിയിൽ നാല് പേർ മരണപ്പെട്ടതായാണ് സ്ഥിരീകരിച്ച വിവരം. വടകര വിലങ്ങാട് ഉരുൾപൊട്ടൽ നടന്ന സ്ഥലത്തേക്ക് രക്ഷാപ്രവർത്തകർ രാവിലെയോടെ എത്തി. മൂന്ന് വീടുകൾ പൂർണ്ണമായും മണ്ണിനടിയിലാണ്. വിലങ്ങാട് ആലുമൂലയിലാണ് ഉരുൾപൊട്ടലുണ്ടായത്. ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് ഉരുൾപൊട്ടിയത്.
വിലങ്ങാട് അങ്ങാടിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെ പാലൂർ റോഡിലാണ് അപകടമുണ്ടായത്. 7 വീടുകൾ ഉരുൾപൊട്ടലിൽ തകർന്നു. ടൗണിൽ നിന്ന് 500 മീറ്റർ മാത്രം അകലെയാണ് ദുരന്തമുണ്ടായത്. 4 വീടുകളിൽ ആളുകൾ ഇല്ലായിരുന്നു. ഒരു വീട്ടിൽ ഒരു സ്ത്രീയും ഭർത്താവുമാണ് ഉണ്ടായിരുന്നത്. ഇതിൽ ഭർത്താവ് ദാസൻ രക്ഷപ്പെട്ടു. ഭാര്യ ലിസിയുടെ മൃതദേഹം കണ്ടെത്തി. മറ്റൊരു വീട്ടിലുള്ള മൂന്ന് പേരെ കാണാനില്ല. ഒരു പിക്കപ്പ് വാൻ, കാറ്, ബൈക്ക് എന്നിവയും ഒലിച്ചുപോയി. പ്രദേശത്ത് ശക്തമായ മലവെള്ളപ്പാച്ചിലുള്ളത് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുകയാണ്. വിവരമറിഞ്ഞ ഉടൻ തഹസിൽദാറുൾപ്പെട്ട സംഘം വിലങ്ങാട്ടേക്ക് തിരിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം ഉടൻ എത്തിപ്പെടാൻ സാധിച്ചില്ല.
വടകര തഹസിൽദാർ കെ.കെ. രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. ജില്ലയിൽ 60 ക്യാമ്പുകളിലായി 888 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.
ഗ്രാമപഞ്ചായത്തുകളുടെ ഒഴികെയുള്ള ജില്ലയിലെ എല്ലാ സർക്കാർ വാഹനങ്ങളും രാവിലെ എട്ടിന് കലക്ടറേറ്റിൽ എത്തിയാണ് രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പുനൂർ പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കണ്ണാടിക്കലിലുള്ളവരെ വേങ്ങേരി ജി.എൽ.പി സ്‌കൂളിലേക്ക് മാറ്റി പാർപ്പിച്ചു. താമരശ്ശേരി, കൊടിയത്തൂര്, ചാത്തമംഗലം, കുമാരനല്ലൂർ എന്നിവിടങ്ങളിൽ മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനം ആരംഭിച്ചു. അതേസമയം, സംസ്ഥാനത്ത് മഴക്കെടുതിയിൽ 33 പേർ മരിച്ചതായാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |