കൊച്ചി: ചവറ കെ.എം.എം.എല്ലിൽ നിന്ന് വിരമിച്ച ജീവനക്കാരന് ലഭിച്ചിരുന്ന ഉയർന്ന പി.എഫ്. പെൻഷൻ കുറച്ച നടപടി ഹൈക്കോടതി രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തു. ഇ.പി.എഫ്.ഒയുടെ നടപടിക്കെതിരെ ആലപ്പുഴ സ്വദേശി എം.ഡി. ഭാസ്‌കരൻനായർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഇടക്കാല ഉത്തരവ്.
കേന്ദ്ര സർക്കാരിന്റെയടക്കം വിശദീകരണം തേടിയ കോടതി ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.
2020ലെ കോടതി ഉത്തരവിനെ തുടർന്ന് ഹർജിക്കാരന് ഉയർന്ന പി.എഫ്. പെൻഷൻ ലഭിച്ചിരുന്നു. ഇതിനിടെ തുക വെട്ടിക്കുറയ്ക്കുമെന്ന അറിയിപ്പ് ലഭിച്ചു. 2023 നവംബർ മുതൽ ഈ വർഷം സെപ്തംബർ വരെ പെൻഷൻ തുകയിൽ 83,842 രൂപയുടെ കുറവുണ്ടായെന്നും ചൂണ്ടിക്കാട്ടി.
സർവീസിൽ നിന്ന് വിരമിച്ചതിന് തൊട്ടുമുമ്പുള്ള 12 മാസത്തെ ശമ്പളത്തിന്റെ ശരാശരിക്ക് പകരമായി 60 മാസത്തെ ശമ്പളത്തിന്റെ ശരാശരിയുടെ അടിസ്ഥാനത്തിൽ പെൻഷൻ നിശ്ചയിച്ചതോടെയാണിതെന്നും വാദിച്ചു. ഇത് തെറ്റാണെന്നും റദ്ദാക്കണമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |