ആലപ്പുഴ: വീട്ടിലെ അക്വേറിയത്തിൽ ഗൃഹനാഥനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. രണ്ടുപേർ അറസ്റ്റിലായി. അലക്കുന്ന് കിഴക്കേടത്ത് വീട്ടിൽ കുഞ്ഞുമോൻ (57), ആര്യാട് സൗത്ത് പത്താം വാർഡിൽ മുരിക്കുലം വീട്ടിൽ നവാസ് (52) എന്നിവരാണ് പിടിയിലായത്. തോണ്ടൻകുളങ്ങര വാർഡ് കിളയാംപറമ്പ് വീട്ടിൽ മുഹമ്മദ് കുഞ്ഞിന്റെ മകൻ കബീറാണ് (52) കൊല്ലപ്പെട്ടത്.
പൊലീസ് പറയുന്നത്: കബീർ തനിച്ചാണ് താമസം. 5ന് വൈകുന്നേരം പ്രതികളും കബീറും ഒരുമിച്ച് മദ്യപിച്ചു. ഇതിനിടെ, കബീറിന്റെ ബൈക്ക് വിൽക്കാൻ അഡ്വാൻസായി വാങ്ങിയ 2000രൂപയെ ചൊല്ലി തർക്കമായി. തുടർന്ന് കബീറിനെ ഇരുവരും ചേർന്ന് പിടിച്ചുതള്ളി. ഇടത് കക്ഷം അടിച്ച് സമീപത്തെ അക്വേറിയത്തിൽ വീണ് കബീറിന് പരിക്കേറ്റു. മുറിവിൽ നിന്ന് ചോര വാർന്നതോടെ അപകടം പറ്റിയതായി ഇരുവരും പൊലീസിൽ അറിയിച്ചു.
എന്നാൽ, പൊലീസ് എത്തുന്നതിന് മുമ്പ് ഇരുവരും ചേർന്ന് കബീറിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അസ്വഭാവിക മരണത്തിന് കേസ്സെടുത്ത പൊലീസ്, പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. നാട്ടുകാരുടെ സംശയത്തെത്തുടർന്ന് കുഞ്ഞുമോനെയും നവാസിനെയും നോർത്ത് സി.ഐ എസ്.സജികുമാറിന്റെ നേതൃത്വത്തിൽ
കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകമെന്ന് തെളിഞ്ഞത്.
ഇരുവരും കുറ്റം സമ്മതിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |