#മാറ്റം ആർ.എസ്.എസ്ചുമതലയിൽ നിന്ന്
ബറ്റാലിയൻ തലപ്പത്തേക്കെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം: ആർ. എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് അദ്ദേഹത്തെ സ്ഥലംമാറ്റിയ ഉത്തരവിൽ വ്യക്തമാക്കുന്നില്ലെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച എൻ.ഷംസുദ്ദീൻ കുറ്റപ്പെടുത്തി. വയനാട് ദുരന്തഭൂമിയിൽ ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ആയിരങ്ങൾക്ക് ഭക്ഷണം നൽകുന്ന വൈറ്റ് ഗാർഡിന്റെ ഹോട്ടൽ എ.ഡി.ജി.പി പൂട്ടിച്ചു. ഇത് വയനാട് സി.പി.ഐ ജില്ലാ സെക്രട്ടറി ഇ.ജെ ബാബു പാർട്ടി നേതൃത്വത്തിന് നൽകിയ പരാതിയിൽ പറയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വർണക്കടത്ത് പണമുപയോഗിച്ച് മലപ്പുറത്ത് ദേശവിരുദ്ധ പ്രവർത്തനം നടത്തുന്നുവെന്ന വിവരം തന്നത് ആരാണെന്നും എന്ത് പ്രവർത്തനമാണ് നടക്കുന്നെതന്നും വ്യക്തമാക്കണം. മുഖ്യമന്ത്രി ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നുള്ള നിർദ്ദേശപ്രകാരം അഭിമുഖം സംഘടിപ്പിച്ചവരാണ് ഇക്കാര്യം എഴുതിച്ചേർത്തത്. മുമ്പ് പത്രസമ്മേളനത്തിലും ഇക്കാര്യം പറഞ്ഞിരുന്നു. മലപ്പുറത്തെ സംശയനിഴലിൽ നിർത്തുന്ന മുഖ്യമന്തിയുടെ നടപടി മോശമാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ന്യൂനപക്ഷങ്ങളെ ആക്രമിച്ച് അടുത്ത തിരഞ്ഞെടുപ്പിനായി ഭൂരിപക്ഷ പ്രീണനം നടത്തുകയാണ്. 17 മാസം കഴിഞ്ഞ് കുറ്റപത്രം കൊടുത്തതോടെ മഞ്ചേശ്വരം കോഴക്കേസിൽ കെ.സുരേന്ദ്രൻ കുറ്റവിമുക്തനായി. കൊടകര കുഴൽപ്പണക്കേസ് ആവിയായെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ജില്ലയ്ക്കും ഒരു സമുദായത്തിനുമെതിരായി മുഖ്യമന്ത്രി പരാമർശം നടത്തിയിട്ടില്ലെങ്കിൽ പി.ആർ. ഏജൻസിക്കെതിരെ കേസ് നൽകാനെങ്കിലും മുഖ്യമന്ത്രി തയ്യാറുണ്ടോയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ചോദിച്ചു. ഇത് ചെയ്തുവെന്ന് പറയുന്ന ടി.ഡി സുബ്രഹ്മണ്യനെ ഫോണിൽപോലും വിളിച്ചിട്ടില്ല. ഹിന്ദു ദിനപത്രത്തിൽ അഭിമുഖം വന്നതിന്റെ പിറ്റേന്നാണ് പ്രസ് സെക്രട്ടറി പത്രത്തിന് കത്ത് നൽകിയത്. സെപ്തംബർ 13ന് ദേശീയ മാദ്ധ്യമങ്ങൾക്ക് മലപ്പുറം സംബന്ധിച്ച് ലഭിച്ച കുറിപ്പും 21ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില പറഞ്ഞ കാര്യങ്ങളും 29ന് അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളും ഒരേ സ്ഥലത്ത് ഉണ്ടാക്കിയതാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ആർ.എസ്.എസ് നേതാക്കെള കാണാൻ മുഖ്യമന്ത്രി എ.ഡി.ജി.പിയെ എന്തിനാണ് പറഞ്ഞുവിട്ടത്. എ.ഡി.ജി.പിയെ മാറ്റിയത് ആർ.എസ്.എസ്ചുമതലയിൽ നിന്ന് ബറ്റാലിയൻ തലപ്പത്തേക്കാണ്. അതുകണ്ട് സി.പി.ഐ സന്തോഷിക്കേണ്ടതില്ല. കാലത്തിന്റെ കാവ്യനീതിയാണ് മുഖ്യമന്ത്രിക്കെതിരായ അൻവറിന്റെ ആരോപണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |