തിരുവനന്തപുരം: കേരള ലോട്ടറിയുടെ ഈ വർഷത്തെ ഓണം ബമ്പർ വിജയിയെ തിരഞ്ഞെടുത്തു. TG 434222 എന്ന നമ്പരിനാണ് ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചിരിക്കുന്നത്. വയനാട്ടിൽ വിൽപന നടന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ജനീഷ് എ.എം എന്ന ഏജന്റ് വിറ്റ ടിക്കറ്റാണിത്. ഏജൻസി നമ്പർ W402. ഇതേ നമ്പരിലെ മറ്റ് ഒമ്പത് സീരിസിലെ നമ്പരുകൾക്ക് സമാശ്വാസ സമ്മാനമായി അഞ്ച് ലക്ഷം രൂപ ലഭിക്കും.രണ്ടാം സമ്മാനം ഒരു കോടി വീതം ഇരുപത് പേർക്ക് ലഭിച്ചു.
ഗോർഖിഭവനിൽ ഉച്ചയ്‌ക്ക് രണ്ടു മണിക്ക് തിരുവോണം ബമ്പർ ടിക്കറ്റിന്റെ ഒന്നാം സമ്മാനത്തിനുള്ള ആദ്യ നറുക്കെടുപ്പ് ധനമന്ത്രി കെ.എൻ.ബാലഗോപാലാണ് നിർവഹിച്ചത്. രണ്ടാം സമ്മാനത്തിനുള്ള ആദ്യ നറുക്കെടുപ്പ് വി.കെ.പ്രശാന്ത് എം.എൽ.എയും നിർവഹിച്ചു. ചടങ്ങിൽ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ, ജോയിന്റ് ഡയറക്ടർ (അഡ്മിനിസ്‌ട്രേഷൻ) മായാ എൻ.പിള്ള, ജോയിന്റ് ഡയറക്ടർ (ഓപ്പറേഷൻസ്)എം.രാജ് കപൂർ എന്നിവർ പങ്കെടുത്തു.
25 കോടി രൂപ ഒന്നാംസമ്മാനവും ഒരു കോടി രൂപവീതം 20പേർക്ക് രണ്ടാം സമ്മാനവും 50ലക്ഷംരൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളായും നൽകുന്നുണ്ട്. വില്പനയിൽ ഇക്കുറിയും പാലക്കാട് ജില്ലയാണ് മുന്നിൽ. 13.02ലക്ഷം ടിക്കറ്റുകൾ വിറ്റു. തിരുവനന്തപുരത്ത് 9.46 ലക്ഷവും തൃശ്ശൂരിൽ 8.61ലക്ഷവുമാണ് വിൽപന നടന്നത്.
കഴിഞ്ഞ വർഷം തമിഴ്നാട് സ്വദേശികളായ പാണ്ഡ്യരാജ്,നടരാജൻ,കുപ്പുസ്വാമി,രംഗസ്വാമി എന്നിവർക്കാണ് തിരുവോണം ബമ്പർ കിട്ടിയത്.
പൂജാബമ്പർ നറുക്കെടുപ്പ് ഡിസംബർ 4ന്
ഡിസംബർ നാലിന് നറുക്കെടുക്കുന്ന പൂജാ ബമ്പറിന്റെ ടിക്കറ്റിന്റെ പ്രകാശനവും നടന്നു. വില 300 രൂപയാണ്. ഒരു കോടി രൂപ വീതം അഞ്ച് പരമ്പരകൾക്കായി നൽകുന്ന രണ്ടാം സമ്മാനമാണ് പൂജാ ബമ്പറിന്റെ മറ്റൊരു സവിശേഷത.മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും (ഓരോ പരമ്പരകൾക്കും രണ്ടു വീതം), നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും(അഞ്ചു പരമ്പരകൾക്ക്), അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപയും(അഞ്ചു പരമ്പരകൾക്ക്) ലഭിക്കും. 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |