സുൽത്താൻ ബത്തേരി: ഈ വർഷത്തെ ഓണം ബമ്പർ വിജയിയെ അൽപം മുമ്പാണ് തിരഞ്ഞെടുത്തത്. TG 434222 എന്ന നമ്പരിനാണ് ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചിരിക്കുന്നത്. ഭാഗ്യവാനെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും സുൽത്താൻ ബത്തേരിയിലെ എൻ ജി ആർ ലോട്ടറീസ് ഏജന്റ് നാഗരാജ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
മൈസൂരു സ്വദേശിയായ നാഗരാജും സഹോദരൻ മഞ്ജുനാഥും ചേർന്നാണ് ലോട്ടറിക്കട നടത്തുന്നത്. പതിനഞ്ച് വർഷമായി ലോട്ടറി വിൽപന തുടങ്ങിയിട്ട്. ഈ കട തുടങ്ങിയിട്ട് അഞ്ച് വർഷമാകുന്നേയുള്ളൂ. 75 ലക്ഷം രൂപ സമ്മാന തുകയുള്ള വിൻ വിൻ ടിക്കറ്റിലൂടെ രണ്ട് മാസം മുമ്പ് ഭാഗ്യദേവത തേടിയെത്തിയിരുന്നു.
ഓണം ബമ്പർ കൂടി അടിച്ചതോടെ സ്വർഗത്തിനുള്ളിൽ പോയി തിരിച്ചുവന്നതുപോലെയുണ്ടെന്ന് യുവാവ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു. പനമരത്തുള്ള ജിനീഷ് എന്ന ഏജന്റിൽ നിന്നാണ് നാഗരാജ് ടിക്കറ്റെടുത്തത്. ഒരു മാസം മുമ്പാണ് ഈ ടിക്കറ്റ് വിറ്റത്. എന്നാൽ ആർക്കാണെന്ന് നാഗരാജന് ഓർമയില്ല. ബംഗളൂരുവിൽ നിന്നും മൈസൂരുവിൽ നിന്നൊക്കെയുള്ള ആളുകൾ വരുന്ന സ്ഥലമാണ് സുൽത്താൻ ബത്തേരി. അതിനാൽത്തന്നെ ആരാണ് വാങ്ങിയതെന്ന കാര്യത്തിൽ നിശ്ചയമില്ല.
ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ഗോർഖിഭവനിൽ ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ സാന്നിദ്ധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്. ആദ്യ നറുക്കെടുപ്പ് ധനമന്ത്രിയും രണ്ടാം സമ്മാനത്തിനുള്ള ആദ്യ നറുക്കെടുപ്പ് വി കെ പ്രശാന്ത് എം എൽ എയും നിർവഹിച്ചു. 25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപവീതം 20 പേർക്ക് രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളായും നൽകുന്നുണ്ട്. 12 കോടി രൂപ ഒന്നാം സമ്മാനമുള്ള പൂജാ ബമ്പറിന്റെ പ്രകാശനവും ധനമന്ത്രി നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |