കല്ലമ്പലം: കരവാരം കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ നെല്ലിക്കുന്ന് മലയിൽ കൂറ്റൻ ജലസംഭരണിയൊരുങ്ങും. നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. വിദ്യാഭ്യാസ വകുപ്പ് വിട്ടുനൽകിയ ഭൂമിയിൽ കിഫ്ബി പദ്ധതിയിൽ നിന്നും അനുവദിച്ച ഫണ്ടുപയോഗിച്ചാണ് സംഭരണിയുടെ നിർമ്മാണം. സംഭരണി പ്രവർത്തനക്ഷമമാകുന്നതോടെ കരവാരം, നഗരൂർ പഞ്ചായത്തുകളിലെ കുടിവെള്ള വിതരണം കാര്യക്ഷമമാകും. നെല്ലിക്കുന്നിൽ നിർമ്മിക്കുന്ന സംഭരണിക്ക് പുറമെ പാവല്ല വണ്ടിത്തടത്തിൽ 5.5 ലക്ഷം ലിറ്ററിന്റെ ഒരു സംഭരണിയും, കുറ്റിമട്ടിൽ ജലശുദ്ധീകരണ പ്ലാന്റും, പുളിമാത്ത് പഞ്ചായത്തിലെ കടലുകാണിയിൽ മറ്റൊരു സംഭരണിയും കടവിള പാറമുക്കിൽ ഒരു സംഭരണിയും പദ്ധതിയിൽ ഉൾപ്പെടുന്നു. ഇവയുടെ നിർമ്മാണത്തിനായി കിഫ്ബിയിൽ നിന്നും 81 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. ഇവയിൽ പാറമുക്കിലെ സംഭരണിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ല. കുറ്റിമുട്ടിൽ പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ജലജീവൻ മിഷൻ പദ്ധതിപ്രകാരമാണ് വിതരണ ശൃംഖലയൊരുക്കുന്നത്. ഇതിനായി 80 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പൈപ്പിടൽ ജോലികളും പുരോഗമിക്കുകയാണ്. കരവാരം പദ്ധതിയിൽ നേരത്തേ 1500 ഹൗസ് കണക്ഷനുകളാണുണ്ടായിരുന്നത്.
14 ലക്ഷം ലിറ്ററാണ് സംഭരണിയുടെ ശേഷി
നടപടികൾ ആരംഭിച്ചിട്ടില്ല
ജലസംഭരണികളും ശുദ്ധീകരണപ്ലാന്റുമെല്ലാം സജ്ജമാക്കുമ്പോഴും ഇതിലേക്കാവശ്യമായ വെള്ളം ഉറപ്പാക്കാൻ വേണ്ട നടപടികൾ ആരംഭിച്ചിട്ടില്ല. ചിറയിൻകീഴ്, വർക്കല താലൂക്കുകളിലെ പദ്ധതികളെല്ലാം കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് വാമനപുരം ആറിനെയാണ്. വേനൽക്കാലമായാൽ ആറുകൾ വരണ്ടുപോകുന്നു. വേനൽക്കാലത്ത് ജലവിതരണമുറപ്പാക്കാൻ താത്കാലിക തടയണകൾ നിർമ്മിക്കാനും കയങ്ങളിൽ നിന്ന് പമ്പ് ഹൗസിലെ കിണറുകളിലേക്ക് വെള്ളമെത്തിക്കാൻ പമ്പ്സെറ്റുകൾ സ്ഥാപിക്കുന്നതിനുമായി ഓരോ വർഷവും ലക്ഷക്കണക്കിന് രൂപയാണ് ചെലവിടുന്നത്. വേനൽക്കാലത്ത് ഒരുദിവസം വേണ്ട ശരാശരി വെള്ളം മൂന്ന് കോടി ലിറ്ററാണ്. കണക്ഷനുകളുടെ എണ്ണം കൂടുന്നതോടെ ഇതിന്റെ അളവും വൻതോതിൽ ഉയരും. ചെല്ലഞ്ചിയിൽ ഒരു ചെക്ക്ഡാം നിർമ്മിച്ചിട്ടുണ്ടെങ്കിലും അതുകൊണ്ട് കുടിവെള്ളപദ്ധതികൾക്ക് പ്രയോജനമില്ല.
നെല്ലിക്കുന്നിനു സമീപം നിലത്ത് കരിങ്കല്ലിൽ നിർമ്മിച്ചിട്ടുള്ള ചെറിയ സംഭരണിയിൽ നിന്നാണ് ഇപ്പോൾ പദ്ധതി പ്രദേശത്ത് വെള്ളമെത്തിക്കുന്നത്. സംഭരണിയുടെ അപര്യാപ്തത നിമിത്തം എല്ലാ ദിവസവും കുടിവെള്ള വിതരണം ഉറപ്പാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പുതിയ സംഭരണി വരുന്നതോടെ ഈ പ്രതിസന്ധി മറികടക്കാനാകും.
തടയണ നിർമ്മിക്കണം
പൂവമ്പാറയ്ക്ക് സമീപം നിർമ്മിച്ചിട്ടുള്ള ഒരു തടയണ മാത്രമാണ് വേനൽക്കാലത്ത് വെള്ളം ഉറപ്പാക്കാനായി ഇപ്പോൾ ഉപകരിക്കുന്നത്. പദ്ധതികളോടു ചേർന്ന് പുതിയ തടയണകൾ നിർമ്മിക്കണമെന്ന ആവശ്യമുയരുകയും പഠനം നടത്തുകയും ചെയ്തെങ്കിലും തടയണ നിർമ്മാണം അനിശ്ചിതമായി നീളുകയാണ്. പദ്ധതികൾക്കാവശ്യമായ വെള്ളം ആറ്റിൽ ഉറപ്പാക്കാനായില്ലെങ്കിൽ കൂറ്റൻ സംഭരണികളും വിപുലമായ വിതരണശൃംഖലയും ഒരുക്കുന്നതിലൂടെ ഉദ്ദേശിച്ച ഫലം ജനങ്ങൾക്ക് ലഭിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |