ആലപ്പുഴ: നഗരത്തിലെ സ്വകാര്യബസുകളിൽ വിദ്യാർത്ഥികളെ കയറ്റുന്നില്ലെന്ന കേരളകൗമുദി വാർത്തയെത്തുടർന്ന് ജില്ലാ മോട്ടോർ വാഹനവകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ആദ്യ ഒരു മണിക്കൂറിൽ 51 നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. ഇന്നലെ വൈകിട്ട് 5 മുതൽ രാത്രി 9 വരെയായിരുന്നു പരിശോധന. ആദ്യ മണിക്കൂറിൽ തന്നെ അമിത വേഗത, ലൈസൻസില്ലാതെ വാഹനം ഓടിക്കൽ, ബാഡ്ജും, യൂണിഫോമും ധരിക്കാതിരിക്കൽ, വിദ്യാർത്ഥികളെ കയറ്റാതെ സർവ്വീസ് നടത്തുക തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തി. തുടർന്നുള്ള മണിക്കൂറുകളിൽ പരിശോധനാ വിവരം പുറത്തായതോടെ നിയമലംഘനങ്ങളുടെ എണ്ണം കുറഞ്ഞു. ആകെ 67 കേസുകളാണ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. ആലപ്പുഴ സ്വകാര്യ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി പരിസരം, മണ്ണഞ്ചേരി, കലവൂർ ഭാഗങ്ങളിലായിരുന്നു പരിശോധന. ജില്ലാ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ എ.കെ.ദിലുവിന്റെ നേതൃത്വത്തിൽ ആലപ്പുഴ ആർ.ടി.ഒ, എൻഫോഴ്സ്മെന്റ് ടീമുകൾ, കായംകുളം, മാവേലിക്കര, കുട്ടനാട്, ചേർത്തല എം.വി.ഡി ഉദ്യോഗസ്ഥർ, പൊലീസ്, എക്സൈസ് വിഭാഗങ്ങൾ സംയുക്തമായിട്ടായിരുന്നു പരിശോധന. ഐഡന്റിറ്റി കാർഡും കൺസെഷൻ കാർഡും കാണിച്ചാലും അനാവശ്യമായ തർക്കങ്ങൾ ഉന്നയിച്ച് കൺസെഷൻ നിഷേധിക്കുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് രക്ഷിതാക്കൾ ജില്ലാ കളക്ടർക്ക് പരാതിയും നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |