ബേപ്പൂർ : കോര ഇനത്തിൽപെട്ട ഗോൾഫിഷാണ് ബേപ്പൂർ ഹാർബറിൽ കഴിഞ്ഞ ദിവസത്തെ താരം. പൂർണ വളർച്ച എത്താത്ത ഗോൾ ഫിഷാണ് ബേപ്പൂരിൽ അതിഥിയായി എത്തിയത്. വിദേശ വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്നഗോൾഫിഷിനെ സീ ഗോൾഡ് എന്നും വിളിക്കും. ഈ മത്സ്യത്തിന്റെ കുടലിൽ രൂപപ്പെടുന്ന രാസ മിശ്രിതത്തിനാണ് വിപണിയിൽ ലക്ഷങ്ങൾ വില. സൗന്ദര്യവർദ്ധക വസ്തുക്കളും ലൈംഗിക ഉത്തേജക ഉത്പന്നങ്ങളും നിർമ്മിക്കുന്നതിനാണ് ഈ മത്സ്യത്തിന്റെ കുടലും മറ്റും ഉപയോഗിക്കുന്നത്. രണ്ടു മാസം മുമ്പ് കൊല്ലം ഹാർബറിൽ പൂർണ വളർച്ച എത്തിയ ഒരു ഗോൾ ഫിഷ് 2.80,000 രൂപയ്ക്കാണ് വിറ്റത്. ചൈന, അമേരിക്ക, കാനഡ എന്നീ രാഷ്ട്രങ്ങളിലേക്കാണ് പ്രധാനമായും ഈ മത്സ്യം കയറ്റുമതി ചെയ്യുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര , പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ഈ മത്സ്യത്തിന് കോടികൾ വില ലഭിക്കും. പൂർണ വളർച്ചയെത്തിയ മത്സ്യത്തിന് എട്ടര കിലോയിലധികം തൂക്കം വരുമെന്നാണ് പറയുന്നത്. തൂക്കം കൂടുന്നതിന് അനുസരിച്ച് വിലയും കൂടും. കരിച്ചാലി ഷിജുവിന്റെ ഉടമസ്ഥതയിലുള്ള അമൃതേശ്വരി ബോട്ടിനാണ് മത്സ്യം ലഭിച്ചത്. പൂർണ വളർച്ച എത്താത്തതിനാൽ തുച്ഛമായ വിലയ്ക്കാണ് ലേലത്തിൽ വിറ്റത്. 5 കിലോ മാത്രമായിരുന്നു തൂക്കം. ഹാർബറിൽ ആദ്യമായാണ് ഈ മത്സ്യം എത്തുന്നതെന്നാണ് മത്സ്യതൊഴിലാളികൾ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |