മല്ലപ്പള്ളി : പൊതുമരാമത്ത് റോഡിന്റെ വശങ്ങളിൽ വളർന്ന കുറ്റിക്കാടുകൾ കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഭീഷണിയാകുന്നു. പൂവനക്കടവ് - ചെറുകോൽപ്പുഴ, വെണ്ണിക്കുളം - ഇരവിപേരൂർ, കോട്ടയം - കോഴഞ്ചേരി സംസ്ഥാനപാത എന്നീ റോഡുകളിലാണ് അപകട ഭീഷണിയായി കാട് വളർന്നത്. പലയിടങ്ങളിലും വാഹന സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന ക്രാഷ് ബാരിയറും കാണാൻ കഴിയാത്ത വിധം കാട് നിറഞ്ഞു. കോട്ടയം - കോഴഞ്ചേരി സംസ്ഥാനപാതയിലും ഇരവിപേരൂർ റോഡിലും ഇഞ്ചക്കാടുകൾ പടർന്ന പന്തലിച്ചതിനാൽ ഇരുചക്ര വാഹന യാത്രക്കാർക്കു പരിക്കേൽക്കാനും സാദ്ധ്യതയുണ്ട്. കൊടും വളവിളിലടക്കം കാടുകയറി മൂടിയതോടെ എതിർദിശയിൽ വരുന്ന വാഹനങ്ങൾ കാണാനാകില്ല. റോഡിന്റെ വശങ്ങൾ വൃത്തിയാക്കിയിട്ട് വർഷങ്ങളായി. മുൻപൊക്കെ കാടും പടർപ്പും നിറയുമ്പോൾ വെട്ടി മാറ്റുന്നത് പതിവായിരുന്നു.
കാൽനടയാത്ര ദുഷ്കരം
താലൂക്കിലെ വിവിധ റോഡുകളുടെ ഇരുവശങ്ങളിലും കാടുകയറിയതോടെ കാൽനടയാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടിലായത്. വാഹനങ്ങൾ വരുമ്പോൾ റോഡിന്റെ വശംചേർന്ന് കാടുള്ള ഭാഗത്തേക്ക് കയറിനിൽക്കണം. ഇഴ ജന്തുക്കളെയും ഭയന്നാണ് ഇത്തരത്തിൽ കയറി നിൽക്കുന്നത്. മിക്ക റോഡരികിലും മാലിന്യം തള്ളുന്നതും പതിവാണ്.
പൊതുമരാമത്ത് റോഡിലെ കാട് നീക്കം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങൾ മുൻകൈ എടുക്കണം.
സുനിൽ കുമാർ,
സഹകരണ ബാങ്ക് ജീവനക്കാരൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |