പത്തനംതിട്ട : ശബരിമല തീർത്ഥാടനകാലത്ത് നിലയ്ക്കലിൽ 10,000 വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ. തീർത്ഥാടനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് നിരത്ത് വിഭാഗം, വാട്ടർ അതോറിറ്റി, എൻ.എച്ച് എന്നിവയുടെ ഇലവുങ്കൽവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുകയായിരുന്നു കളക്ടർ. നിലയ്ക്കലിൽ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽനടക്കുന്ന പ്രവൃത്തികൾ പരിശോധിച്ചു. മണ്ണാറകുളഞ്ഞി, കുമ്പളാംപൊയ്ക, വടശ്ശേരിക്കര, കന്നാംപാലം, മാടമൺ, കൂനങ്കര, പ്ലാപ്പള്ളി, ഇലവുങ്കൽ, നിലയ്ക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ വിവിധ പ്രവൃത്തികളുടെ പുരോഗതിയും വിശകലനം ചെയ്തു.
നിലയ്ക്കലിൽ പാർക്കിംഗ് സൗകര്യം ഒരുക്കുന്നതിനായി മരങ്ങൾ മുറിക്കുകയാണ്. പാറകളും കല്ലുകളും മാറ്റുന്നുമുണ്ട്. ദേവസ്വം ബോർഡിന്റെ പരിധിയിലുള്ള റോഡുകളുടെ അറ്റകുറ്റപണികൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
വാട്ടർ അതോറിറ്റിയുടെ നാല് കിലോമീറ്റർ ദൂരത്തിലുള്ള പ്രവൃത്തി ഉൾപ്പടെയുള്ളവ തീർത്ഥാടനം ആരംഭിക്കുന്നതിന് മുമ്പ് പൂർത്തിയാക്കാൻ പ്രത്യേക നിർദ്ദേശവും നൽകി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ജില്ലാ കളക്ടറെ അനുഗമിച്ചു.
മറ്റുനിർദേശങ്ങൾ
പത്തനംതിട്ട - പമ്പ റോഡിൽ പൊതുമരാമത്ത് നിരത്ത് വിഭാഗം, എൻ എച്ച് വകുപ്പുകളുടെ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണം.
റോഡിൽ അപകടകരമായി നിൽകുന്ന മരചില്ലകൾ വെട്ടി മാറ്റണം. റോഡരികുകളിലെ അപകടസാദ്ധ്യതയുള്ള സ്ഥലങ്ങളിൽ സുരക്ഷാ വേലികൾ ഉറപ്പാക്കണം.
റോഡിലേക്ക് പടർന്ന കാട് വെട്ടിതെളിക്കണം. സൈൻ ബോർഡുകൾ സ്ഥാപിക്കണം. റോഡിന്റെ ടാറിംഗ് പ്രവൃത്തികൾ സമയബന്ധതിമായി പൂർത്തിയാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |