കോന്നി : കോന്നി മെഡിക്കൽ കോളേജ് റോഡിന്റെ നിർമ്മാണ ഉദ്ഘാടനം നാളെ വൈകിട്ട് നാലിന് ആനകുത്തി ജംഗ്ഷനിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാർ ചെയ്യും. നിർമ്മാണത്തിന്റെ ഭാഗമായി 10 പൈപ്പ് കൽവർട്ടുകൾ നിർമ്മിക്കും.1520 മീറ്റർ നീളത്തിൽ ഓടയും 1830 മീറ്റർ നീളത്തിൽ ഐറിഷ് ഓടയും വിഭാവനം ചെയ്തിട്ടുണ്ട്. വട്ടമൺ ഭാഗത്ത് തോടിന് കുറുകെ രണ്ട് കലുങ്കുകൾ നിർമ്മിക്കും. റോഡിൽ ട്രാഫിക് സുരക്ഷാപ്രവർത്തികളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏറ്റെടുത്തത് 2.45 ഹെക്ടർ ഭൂമി
വർഷങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ മെഡിക്കൽ കോളേജ് റോഡ് നിർമ്മാണത്തിന് 225 വസ്തു ഉടമകളിൽ നിന്നായി 2.45 ഹെക്ടർ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്. മെഡിക്കൽ കോളേജിൽ നിന്ന് വട്ടമൺ വരെ നിലവിൽ നാലുവരി പാതയുണ്ട്. തകർന്നു കിടക്കുന്ന റോഡിലൂടെയുള്ള യാത്ര ഏറെ ദുഷ്കരമായിരുന്നു. മെഡിക്കൽ കോളേജ് ഉദ്ഘാടനത്തിനൊപ്പം തന്നെ റോഡ് വികസിപ്പിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും ചില വസ്തു ഉടമകൾ നിയമപോരാട്ടങ്ങൾക്ക് ഇറങ്ങുകയായിരുന്നു. തുടർന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ ഭൂ ഉടമകളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പ്രതിസന്ധികൾ ഒഴിവായത്.
ചെലവിടുന്നത് : 14 കോടി രൂപ
റോഡിന്റെ നീളം : 4.6 കിലോമീറ്റർ
12 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുത്തിട്ടുള്ള കോന്നി മുരിങ്ങമംഗലം മുതൽ വട്ടമൺ വരെയുള്ള 2.800 കിലോമീറ്റർ ദൂരം 9.5 മീറ്റർ വീതിയിലും കുപ്പക്കര മുതൽ വട്ടമൺ വരെ 1.800 കിലോമീറ്റർ ദൂരം 5.5 മീറ്റർ വീതിയിലുമാണ് ടാർ ചെയ്യുക.
റോഡുകളുടെ പ്രവർത്തികൾ പൂർത്തീകരിക്കുന്നതോടെ കോന്നി മെഡിക്കൽ കോളേജിലേക്ക് അതിവേഗം സുഗമമായി എത്തിച്ചേരാൻ സാധിക്കും. കോന്നി - വെട്ടൂർ - അതുമ്പുംകുളം റോഡ് ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നതിന് അഞ്ച് കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |