കൊച്ചി: മാരകായുധങ്ങളുമായി അക്രമത്തിന് തയ്യാറെടുത്തിരുന്ന അഞ്ച് യുവാക്കളെ എറണാകുളം നോർത്ത് പൊലീസ് പിടികൂടി. പെരിന്തൽമണ്ണ പൊതുക്കാടൻ മുഹമ്മദ് അജിനാസ് (20), ചെർപ്പുളശേരി കുലപ്പുറത്ത് മുഹമ്മദ് സാദിഖ് (24), എളമക്കര വികാസ് റോഡ് വെള്ളക്കാടംപറമ്പ് ഷംനാദ് (26), തോപ്പുംപടി കുന്നുംപുറത്ത് ഡാനിഷ് (28), ചെർപ്പുളശേരി നെല്ലായി മേലത്തലക്കൽ ഷബീർ അലി (21 ) എന്നിവരെയാണ് നോർത്ത് റെയിൽവേ സ്‌റ്റേഷന് സമീപമുള്ള സ്വകാര്യ ടൂറിസ്റ്റ് ഹോമിൽനിന്ന് പിടികൂടിയത്.
ഊരിയെടുത്ത് ഉപയോഗിക്കാവുന്ന വടിവാൾ, കഠാര, സ്റ്റീൽ നിർമ്മിതമായ കത്തി എന്നിവ പൊലീസ് കണ്ടെടുത്തു.
പ്രതികളിലൊരാളായ മുഹമ്മദ് അജിനാസ് പിതാവിന്റെ കാർ മലപ്പുറം സ്വദേശിയായ യുവാവിന് പണയത്തിന് നൽകിയിരുന്നു. ഇയാൾ ഈ കാർ മറ്റൊരാൾക്ക് പണയത്തിന് നൽകി. ഇതറിഞ്ഞമുഹമ്മദ് അജിനാസ് കാർ കണ്ടെത്തി തിരികെ എറണാകുളത്തേക്ക് പോന്നു. കൊച്ചിയിൽ ഓയിൽ ആൻഡ് ഗ്യാസ് കോഴ്സ് പഠിക്കുന്ന പ്രതി താമസിക്കുന്ന പാലാരിവട്ടത്തെ ലോഡ്ജിലാണ് കാർ പാർക്ക് ചെയ്തിരുന്നത്. ഇതറിഞ്ഞ മലപ്പുറംകാരൻ കാർ വീണ്ടെടുക്കാൻ ക്വട്ടേഷൻ നൽകി. തുടർന്ന് കഴിഞ്ഞ ആറിന് മട്ടാഞ്ചേരിയിൽ നിന്നുള്ള അഞ്ചംഗ സംഘം കാറുകടത്തിക്കൊണ്ടുപോകാൻ പാലാരിവട്ടത്തെ ലോഡ്ജിലെത്തിയത് അടിപിടിയിൽ കലാശിച്ചു. തുടർന്ന് പ്രതി മുഹമ്മദ് അജിനാസ് പാലാരിവട്ടം പൊലീസിൽ പരാതി നൽകുകയും മട്ടാഞ്ചേരി സംഘത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇതിൽ തിരിച്ചടി ഭയന്നാണ് പ്രതികൾ കഴിഞ്ഞ രണ്ടുദിവസമായി പാലാരിവട്ടത്തെ ലോഡ്ജിൽ ആയുധങ്ങളുമായി താമസിച്ചത്.
പൊലീസിന്റെ ദൈനംദിന പരിശോധനയ്ക്കിടെ യുവാക്കളെ സംശയാസ്പദമായി കാണുകയും മുറിതുറന്ന് പരിശോധന നടത്തുകയുമായിരുന്നു.
നോർത്ത് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർമാരായ എം. പ്രദീപ്, ടി.എസ്. രതീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ കെ. അരുൺ, മുകേഷ്, റിനു, ബിനോജ്കുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |