തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ലെന്നും രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ തന്നെ അറിയിച്ചില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹരിപ്പാട്ടെ പരിപാടിക്ക് പോകാനായി സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു ഗവർണറുടെ പ്രതികരണം.
നിയമസഭാ സമ്മേളനം വിളിച്ചശേഷം മന്ത്രിസഭാ തീരുമാനപ്രകാരം ഇറക്കിയ ഓർഡിനൻസിൽ ഒപ്പിടാൻ ചീഫ്സെക്രട്ടറിയെയും നിയമസെക്രട്ടറിയെയും രാജ്ഭവനിൽ അയച്ചിരുന്നു. മുഖ്യമന്ത്രി അക്കാര്യം മുൻകൂട്ടി അറിയിച്ചിരുന്നില്ല. എന്നാൽ, രാജ്യത്തിനെതിരായ കുറ്റകൃത്യം സംബന്ധിച്ച് വിശദീകരിക്കാൻ ചീഫ്സെക്രട്ടറിയെ അയയ്ക്കാനാവില്ലെന്നാണ് പറയുന്നത്. സർക്കാരിന്റെ ആവശ്യത്തിന് രാജ്ഭവനിലെത്തിയവർക്ക് ഗവർണർ വിളിപ്പിച്ചാൽ വരാൻ കോംപ്ലക്ലാണ്.
രാജ്യവിരുദ്ധ കുറ്റകൃത്യങ്ങൾ അറിയിക്കാതെ ഗവർണറെ ഇരുട്ടിൽ നിറുത്തുകയാണ്. ഇക്കാര്യം രാഷ്ട്രപതിയെ അറിയിക്കേണ്ടത് തന്റെ ചുമതലയാണ്. മുഖ്യമന്ത്രി വിശദീകരണം നൽകാതിരുന്നപ്പോൾ ചീഫ്സെക്രട്ടറിയെ വിളിപ്പിച്ചതിൽ എന്താണ് കുഴപ്പം. ചീഫ്സെക്രട്ടറിയോടല്ലാതെ മറ്റാരോട് ഇക്കാര്യം ചോദിക്കും.
സ്വർണക്കടത്ത് കേരളത്തിനെതിരെ മാത്രമല്ല, രാജ്യത്തിനെതിരായ കുറ്റകൃത്യം കൂടിയാണെന്ന് മുഖ്യമന്ത്രി തന്നെ പറയുന്നു. സ്വർണക്കടത്ത് തടയാനുള്ള ഉത്തരവാദിത്വം കേന്ദ്രത്തിനാണെന്നും പറയുന്നു. ഇക്കാര്യം ഇതുവരെ എന്നോട് പങ്കുവയ്ക്കാതിരുന്നതെന്ത്. വിമാനത്താവളത്തിൽ കസ്റ്റംസിന് വീഴ്ചയെങ്കിൽ അക്കാര്യവും എന്നെ അറിയിക്കേണ്ടതല്ലേ. ഇതൊന്നും സാധാരണവും ഭരണപരവുമായ കാര്യങ്ങളല്ല. എന്നെ പൂർണമായി ഇരുട്ടിൽ നിറുത്തുകയാണ് സർക്കാർ.
ദ ഹിന്ദു അഭിമുഖത്തിന് പി.ആർ ഏജൻസിയാണ് സമീപിച്ചതെന്നും അഭിമുഖ സമയത്ത് ഏജൻസിയുടെ രണ്ട് പ്രതിനിധികളുണ്ടായിരുന്നതായും പത്രം പറയുന്നു. മുഖ്യമന്ത്രി നിഷേധിക്കുന്നു. അങ്ങനെയെങ്കിൽ പത്രത്തിനെതിരെ നിയമനടപടിയെടുക്കാത്തതെന്ത്. ദ ഹിന്ദു പത്രത്തെ അവിശ്വസിക്കേണ്ട കാര്യമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |