ന്യൂഡൽഹി : ആഭ്യന്തര തർക്കം രൂക്ഷമായ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനുള്ള ധനസഹായം നിറുത്തി വയ്ക്കാൻ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തീരുമാനിച്ചു. കായിക വികസന പദ്ധതികൾക്കായുള്ള ഒളിമ്പിക് സോളിഡാരിറ്റി ഗ്രാന്റുകളിൽ ഇന്ത്യക്കുള്ള വിഹിതം തടഞ്ഞുവയ്ക്കാനാണ് ഐ..ഒ.സിയുടെ തീരുമാനം. കായിക താരങ്ങൾക്കുള്ള സ്കോളർഷിപ്പ് ഒഴികെയുള്ള സഹായമാണ് നിറുത്തി വയ്ക്കുന്നത്. ഒക്ടോബർ എട്ടിന് ചേർന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ എക്സിക്യുട്ടീവ് ബോർഡ് യോഗത്തിന്റെ തീരുമാനം ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷയെ കത്തിലൂടെ അറിയിച്ചു.
എക്സിക്യുട്ടീവ് കൗൺസിലിനുള്ളിൽ ഉന്നയിക്കപ്പെട്ട നിരവധി പരസ്പര ആരോപണങ്ങൾ ഉൾപ്പെടെ ഐ.ഒ.എ അഭിമുഖീകരിക്കുന്ന ആഭ്യന്തര തർക്കങ്ങളും ഭരണപ്രശ്നങ്ങളുമുണ്ട്. ഈ സാഹചര്യം വളരെയധികം അനിശ്ചിതത്വം സൃഷ്ടിക്കുന്നു, ഇതിൽ വ്യക്തത ആവശ്യമാണ്. അതിനാൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ ഒളിമ്പിക് സ്കോളർഷിപ്പുകൾ വഴി നേരിട്ട് പണം നൽകുന്നതൊഴികെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനുള്ള ഫണ്ട് തടയുന്നുവെന്ന് ഐ.ഒ.സി കത്തിൽ അറിയിച്ചു.
ഒളിമ്പിക് അസോസിയഷന്റെ ആദ്യ വനിതാ പ്രസിഡന്റായി ചുമതലയേറ്റ് രണ്ട് വർഷം തികയും മുൻപ് പി.ടി. ഉഷയ്ക്കെതിരെ അവിശ്വാസ പ്രമേയത്തിന് നീക്കം നടക്കുന്നുണ്ട്. 25ന് നടക്കുന്ന പ്രത്യേക ജനറൽ ബോഡി യോഗത്തിലെ അജൻഡയിൽ ഉഷയ്ക്കെതിരായ അവിശ്വാസ പ്രമേയവുമുണ്ടെന്ന് കാട്ടി അസോസിയേഷൻ ജോയിന്റ് സെക്രട്ടറി കല്യാൺ ചൗബെ സർക്കുലർ ഇറക്കി. എന്നാൽ ആക്ടിംഗ് സി.ഇ.ഒ ചമഞ്ഞ് ആൾമാറാട്ടം നടത്തുന്ന ചൗബെയുടെ നടപടി നിയമവിരുദ്ധവും സംഘടനയുടെ ഭരണഘടനയെ ലംഘിക്കുന്നതാണെന്നും പി.ടി. ഉഷയുടെ ഓഫീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |