ടോക്കിയോ: ഹിരോഷിമ- നാഗസാക്കി ന്യൂക്ലിയർ ബോംബ് ദുരന്തത്തെ അതിജീവിച്ചവരുടെ സംഘടനയായ 'നിഹോൻ ഹിഡാൻക്യോ' ഇക്കൊല്ലത്തെ സമാധാന നോബലിന് അർഹമായി.
ലോകത്തെ ആണവായുധ മുക്തമാക്കാനുള്ള സംഘടനയുടെ ശ്രമങ്ങൾക്കാണ് അംഗീകാരം. ഗാസ, യുക്രെയിൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ലോകം വീണ്ടും ആണവ യുദ്ധത്തിന് സാക്ഷിയാകുമോ എന്ന ഭീതിക്കിടെയുള്ള അംഗീകാരം പ്രസക്തമാണ്.
1956ലാണ് സംഘടന സ്ഥാപിതമായത്. ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്കയുടെ ന്യൂക്ലിയർ ബോംബുകൾ വിതച്ച കൊടിയ ദുരന്തത്തെ അതിജീവിച്ചവരാണ് അംഗങ്ങൾ. ഇവർ ലോകമെമ്പാടും സഞ്ചരിച്ച് ആണവായുധങ്ങളുടെ ഭീകരത തുറന്നുകാട്ടുന്നു. പലതവണ സമാധാന നോബലിനായി സംഘടന നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. 2005ൽ നോർവീജിയൻ നോബൽ കമ്മിറ്റിയുടെ പ്രത്യേക പരാമർശം നേടി.
1945 ആഗസ്റ്റ് 6ന് ഹിരോഷിമയിലും 9ന് നാഗസാക്കിയിലും അമേരിക്ക പ്രയോഗിച്ച ആറ്റം ബോംബുകൾ രണ്ടര ലക്ഷത്തോളം പേരുടെ ജീവനാണ് കവർന്നത്. രണ്ടാഴ്ചയ്ക്കു ശേഷം ജപ്പാന്റെ കീഴടങ്ങലോടെ രണ്ടാം ലോകമഹായുദ്ധത്തിന് അന്ത്യമായി.
11 ദശലക്ഷം സ്വീഡിഷ് ക്രോണയാണ് (8,90,45,699 രൂപ) സമ്മാനത്തുക. ഡിസംബർ 10ന് ഓസ്‌ലോയിലാണ് സമ്മാന ദാനം. പാലസ്തീനിയൻ അഭയാർത്ഥികൾക്ക് വേണ്ടിയുള്ള യു.എൻ ഏജൻസിക്ക് (യു.എൻ.ഡബ്ല്യു.ആർ.എ) ഇത്തവണത്തെ സമാധാന നോബൽ ലഭിച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, ഒക്ടോബർ 7ന് ഇസ്രയേലിലെ ഹമാസ് ആക്രമണവുമായി ബന്ധമുള്ള ഒമ്പത് അംഗങ്ങളെ സംഘടനയ്‌ക്ക് പുറത്താക്കേണ്ടി വന്നു. അതോടെ സംഘടനയ്ക്ക് സമ്മാനം നൽകരുതെന്ന് 12,000 ലേറെ പേർ ഒപ്പിട്ട പരാതി നോർവീജിയൻ നോബൽ കമ്മിറ്റിക്ക് സമർപ്പിച്ചിരുന്നു.
ആണവായുധങ്ങൾ ഒരിക്കലും ലോകത്ത് സമാധാനം കൊണ്ടുവരില്ല.
- ടോഷിയൂകി മിമാകി, ഉപാദ്ധ്യക്ഷൻ, നിഹോൻ ഹിഡാൻക്യോ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |