തിരുവനന്തപുരം:ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ കേരളത്തെ ഭയപ്പെടുത്താൻ വരേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇതിലും വലിയ ഭയപ്പെടുത്തലുകൾ ഇതിന് മുമ്പ് കണ്ടതാണെന്നും അതിനെയെല്ലാം കേരളം അതിജീവിച്ചിട്ടുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഗവർണറുടെ ഔദ്യോഗിക കാലാവധി സെപ്റ്റംബർ അഞ്ചിന് പൂർത്തിയായതാണ്. കാലാവധി പുതുക്കി നൽകിയിട്ടുമില്ല. പിൻഗാമി വരുന്നതു വരെ തുടരാമെന്ന ഭരണഘടനാ വകുപ്പ് പ്രകാരമാണ് അദ്ദേഹം തുടരുന്നത്. കെയർടേക്കർ പദവി മാത്രമുള്ള അദ്ദേഹം തെറ്റായ നടപടികളാണ് സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയിൽ വിശ്വാസമില്ലെന്ന് ഗവർണർ പ്രഖ്യാപിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്.
പി .വി അൻവറിനെ നായകനാക്കി അരങ്ങേറിയ നാടകങ്ങളെല്ലാം ചീട്ടു കൊട്ടാരം പോലെ തകർന്നുവീണു.പാർട്ടി പ്രവർത്തകരുടെ വികാരമാണ് താൻ പ്രകടിപ്പിക്കുന്നതെന്ന് പ്രഖ്യാപിച്ച് രംഗത്തിറങ്ങിയ അൻവറിന് ജമാഅത്തെ ഇസ്ലാമിയെയും എസ്.ഡി.പി.ഐ, ലീഗ് സംഘടനകളെയും അഭിസംബോധന ചെയ്യേണ്ട സ്ഥിതിയാണെന്നും ഗോവിന്ദൻ പറഞ്ഞു. അതേസമയം, ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ തത്വങ്ങളെ അട്ടിമറിക്കാൻ നിർലജ്ജം രംഗത്തിറങ്ങിയിരിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ധാർമ്മികതയുടെയും ജനാധിപത്യ മര്യാദകളുടെയും എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിനെ നിരന്തരം കടന്നാക്രമിക്കുകയും ദൈനംദിന ഭരണകാര്യങ്ങളിൽ ഇടപെടുകയും ചെയ്തു കൊണ്ട് ഏറ്റവും മോശപ്പെട്ട കീഴ്വഴക്കം ഗവർണർ സൃഷ്ടിച്ചിരിക്കുകയാണെന്നും കൗൺസിൽ വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |