കൊച്ചി: പഞ്ചനക്ഷത്ര ഹോട്ടലിൽ ഗുണ്ടാനേതാവ് ഓം പ്രകാശ് ഒരുക്കിയ ലഹരിപ്പാർട്ടിയിൽ പങ്കെടുത്ത സിനിമാതാരം ശ്രീനാഥ് ഭാസിയും മയക്കുമരുന്ന് എത്തിച്ചെന്ന് പൊലീസ് സംശയിക്കുന്ന എളമക്കര സ്വദേശി ബിനു ജോസഫും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ പൊലീസ് സമഗ്രമായി അന്വേഷിക്കും. ശ്രീനാഥ് ഭാസിക്ക് മയക്കുമരുന്ന് കേസിൽ നേരത്തെ അറസ്റ്റിലായ ബിനുവുമായി സാമ്പത്തിക ഇടപാടും മറ്റും നടത്തേണ്ട സാഹചര്യം എന്തെന്നാണ് അന്വേഷിക്കുന്നത്. ലഹരിയിടപാട് ഉണ്ടായിരുന്നോയെന്നതാണ് പ്രധാന സംശയം. ബിനുവാണ് ശ്രീനാഥ് ഭാസിയെയും മറ്റും ആഡംബരഹോട്ടലിൽ എത്തിച്ചത്.
നിലവിലെ വിവരശേഖരണം പൂർത്തിയായാൽ ശ്രീനാഥ് ഭാസിയെയും ബിനുവിനെയും വീണ്ടും വിളിച്ചുവരുത്തി ചോദ്യംചെയ്‌തേക്കും. കാക്കനാട്ടെ ഹോട്ടലിലെ ആഘോഷപരിപാടി കഴിഞ്ഞ് വീട്ടിലെത്തിയ ശ്രീനാഥ് ഭാസി സുഹൃത്തുവഴിയാണ് കുണ്ടന്നൂരിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ലഹരിപ്പാർട്ടിയുണ്ടെന്ന വിവരം അറിയുന്നത്. പിന്നീട് ബിനു മുഖേന ഇവിടെ എത്തുകയായിരുന്നു. ലഹരി ഉപയോഗിക്കാറില്ലെന്നും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നുമാണ് ശ്രീനാഥിന്റെ മൊഴി. ഇത് അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല. എന്നാൽ, ഒപ്പം ഹോട്ടലിൽ എത്തിയ പ്രയാഗ മാർട്ടിന്റെ മൊഴി തൃപ്തികരമെന്ന വിലയിരുത്തലാണ് അന്വേഷണസംഘത്തിന്.
ഓംപ്രകാശിനെ മുൻപരിചയമില്ലെന്നാണ് പ്രയാഗ മൊഴിനൽകിയത്. നക്ഷത്രഹോട്ടലിൽ പോയത് സുഹൃത്തുക്കളുടെ നിർബന്ധപ്രകാരമാണെന്നും അവിടെ ലഹരിപ്പാർട്ടി നടന്നത് അറിഞ്ഞില്ലെന്നും പ്രയാഗ പറഞ്ഞിരുന്നു. ഇതുവരെ ആറുപേരുടെ മൊഴികളെടുത്തു. ഇവ പരിശോധിച്ചുവരികയാണ്. 15പേരുടെ മൊഴികൾ രേഖപ്പെടുത്താനുണ്ട്. തുടർന്നായിരിക്കും ഓരോരുത്തരുടെയും പങ്ക് സംബന്ധിച്ച അന്തിമ നിഗമനത്തിലേക്ക് പൊലീസെത്തുക.
ലഹരിപ്പാർട്ടി നടന്ന ഹോട്ടലിൽ മറ്റൊരു നടിയും എത്തിയതായി വിവരമുണ്ട്. സി.സി ടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. നടി എത്തിയത് ഓം പ്രകാശും കൂട്ടരും തങ്ങിയ മുറിയിലാണോ എന്നതിൽ അന്വേഷണം നടക്കുകയാണ്. ഇക്കാര്യം ഉറപ്പിച്ചാൽ നടിയെ ചോദ്യംചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |