തിരുവനന്തപുരം: ദ ഹിന്ദു പത്രത്തിലെ അഭിമുഖവുമായി ബന്ധപ്പെട്ട പരാമർശങ്ങളിൽ വിശദീകരണം തേടിയ ഗനർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്കൊന്നും മറയ്ക്കാനില്ലെന്നും സ്വർണക്കടത്ത് രാജ്യവിരുദ്ധമാണെന്നും ഗവർണർക്ക് നൽകിയ കത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. താൻ പറയാത്ത വ്യാഖ്യാനങ്ങൾ ഗവർണർ നൽകരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രാജ്യവിരുദ്ധ ശക്തികൾ ഇത്തരം സാഹചര്യം മുതലാക്കുന്നതിനെ കുറിച്ചാണ് താൻ പറഞ്ഞത്. മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ലെന്ന ഗവർണറുടെ പരാമർശത്തിലും കത്തിൽ പ്രതിഷേധമറിയിച്ചിട്ടുണ്ട്.
രാജ്യസുരക്ഷയെ ബാധിക്കുന്ന സ്വർണക്കടത്തലിനെതിരെ നടപടിയെടുക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണ്. വിവരങ്ങൾ ശേഖരിക്കാനുള്ളതിനാലാണ് മറുപടി നൽകാൻ കാലതാമസമുണ്ടായത്. ബില്ലുകളിൽ ഒപ്പിടാത്ത ഗവർണറുടെ രീതി പൊതുസമൂഹം അംഗീകരിക്കില്ലെന്നും മറുപടിയിൽ പറയുന്നു.
സാമ്പത്തിക സ്ഥിതിയെ തകിടം മറിക്കുന്നു, നികുതി വരുമാനം കുറയുന്നു എന്ന അർത്ഥത്തിലാണ് ദേശവിരുദ്ധം എന്ന് പറഞ്ഞത്. ഇക്കാര്യം പൊലീസ് തന്നെ പ്രസ്താവനയിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ശരിയല്ല. സ്വർണക്കടത്തിന് താൻ പറയാത്ത വ്യാഖ്യാനങ്ങൾ ഗവർണർ നൽകരുതെന്നും മുഖ്യമന്ത്രി മറുപടിയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |