ന്യൂഡൽഹി: മുംബയിൽ നിന്ന് ന്യൂയോർക്കിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി. ഇതിനെ തുടർന്ന് വിമാനം ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു. യാത്രക്കാർ സുരക്ഷിതരാണെന്നും കൂടുതൽ പരിശോധനകൾ നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു.
മുംബയിലെ ഛത്രപതി ശിവജി വിമാനത്താവളത്തിൽ നിന്ന് ഇന്ന് പുലർച്ചെ രണ്ട് മണിയോടുകൂടിയാണ് വിമാനം പുറപ്പെട്ടത്. വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് ബോംബ് ഭീഷണിയുണ്ടെന്ന സന്ദേശം ലഭിച്ചത്. ഇതോടെ വിമാനം അടിന്തരമായി ഡൽഹിയിൽ ഇറക്കുകയായിരുന്നു. വിമാനത്തിൽ 239 യാത്രികരുണ്ടായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. എക്സിലെ ഒരു പോസ്റ്റിലൂടെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ എല്ലാവിധ നടപടികളും പാലിക്കുന്നുണ്ടെന്ന് എയർഇന്ത്യയുടെ വക്താവ് അറിയിച്ചു.
ഒക്ടോബർ ഒമ്പതിന് ലണ്ടനിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിസ്താര വിമാനത്തിനും ബോംബ് ഭീഷണി ഉണ്ടായി. 290 യാത്രക്കാരുമായി ലണ്ടനിലേക്ക് പോകുന്നതിനിടയിലാണ് ഭീഷണി സന്ദേശം വിമാനത്തിന്റെ ശുചിമുറിയിൽ നിന്നും കണ്ടെടുത്തത്. പേപ്പറിൽ 'ബോംബ് ദിസ് ഫ്ലൈറ്റ്' എന്നെഴുതിയ സന്ദേശമാണ് കണ്ടെടുത്തത്. ഇതോടെ വിമാനം ഡൽഹിയിൽ ലാൻഡിംഗ് നടത്തി വിശദമായ പരിശോധനകൾ നടത്തുകയായിരുന്നു. പരിശോധനയിൽ സംശയകരമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്ന് വിസ്താര എയർലൈൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |