ന്യൂഡൽഹി: ഡൽഹിയിലെ കനേഡിയൻ എംബസിയിലെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി.ഒക്‌ടോബർ 19 മുൻപ് ഇന്ത്യ വിടണമെന്നാണ് നിർദ്ദേശം. ആക്ടിംഗ് ഹൈക്കമ്മിഷണർ സ്റ്റുവർട്ട് റോസ് വീലർ, ഡെപ്യൂട്ടി ഹൈക്കമ്മിഷണർ പാട്രിക് ഹെബർട്ട് എന്നിവരെ അടക്കമാണ് പുറത്താക്കിയത്. ഫസ്റ്റ് സെക്രട്ടറിമാരായ മേരി കാതറിൻ ജോളി, ലാൻ റോസ് ഡേവിഡ് ട്രൈറ്റ്സ്, ആദം ജെയിംസ് ചുപ്ക, പോള ഓർജുവേല എന്നിവരാണ് പുറത്തായ മറ്റുദ്യോഗസ്ഥർ.
ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് കാനഡ
ആരോപിച്ച ഹൈക്കമ്മിഷണർ സഞ്ജയ് വർമ്മ ഉൾപ്പെടെ ആറു നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിച്ചതിന് പിന്നാലെയാണ് നടപടി. നിജ്ജർ കൊലപാതകവുമായി ബന്ധപ്പെടുത്തി ഹൈക്കമ്മിഷണറുടെ അടക്കം പേരുകൾ പരാമർശിച്ചുകൊണ്ട് കാനഡയിൽ നിന്ന് കഴിഞ്ഞ ദിവസം ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന് കത്തു ലഭിച്ചതോടെയാണ് ബന്ധം വഷളായത്. ഇന്ത്യയിലെ കനേഡിയൻ ആക്ടിംഗ് ഹൈക്കമ്മിഷണർ സ്റ്റുവർട്ട് വീലറെ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിൽ ഒരു വർഷമായി തുടരുന്ന നയതന്ത്ര സംഘർഷമാണ് മറ്റൊരുതലത്തിലേക്ക് കടന്നത്.
ഭീകരതയുടെയും അക്രമത്തിന്റെയും അന്തരീക്ഷത്തിൽ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് സുരക്ഷയൊരുക്കാൻ ട്രൂഡോ സർക്കാരിന് കഴിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതിനാൽ, ഹൈക്കമ്മിഷണറെ പിൻവലിക്കാൻ തീരുമാനിച്ചതായി ഇന്ത്യ പ്രഖ്യാപിച്ചു.
ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകവും തുടർന്നുണ്ടായ സംഭവവികാസങ്ങളുമാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളാകുന്നതിന് കാരണം. കൊലപാതക കേസിൽ മൂന്ന് ഇന്ത്യക്കാരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. കേസിൽ മൂന്ന് ഇന്ത്യൻ പൗരന്മാരാണ് അറസ്റ്റിലായത്. കരൺ ബ്രാർ, കമൽപ്രീത് സിംഗ്, കരൺ പ്രീത് സിംഗ് എന്നിവരെയാണ് ഹർദീപ് സിംഗ് നിജ്ജർ കൊലപാതക കേസിൽ കാനഡ പൊലീസ് അറസ്റ്റ് ചെയ്തത്.കേസിലെ പ്രതികളായ ഇവർ കഴിഞ്ഞ നാല് വർഷമായി കാനഡയിലുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ ഇന്ത്യക്കെതിരെ ട്രൂഡോ പലതവണ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പ്രധാനമന്ത്രി തന്നെ പലപ്പോഴും ട്രൂഡോയുടെ പേരെടുത്ത് പറഞ്ഞ് മറുപടിയും നൽകിയിരുന്നു. കാനഡയിലുള്ള ഇന്ത്യൻ പൗരൻമാർ ഈ സംഭവങ്ങളെ തുടർന്ന് ഭാവിയിൽ ഉൾപ്പെടെ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് സ്ഥിതിഗതികൾ മെച്ചപ്പെടുകയായിരുന്നു. അപ്രതീക്ഷിതമായാണ് കാനഡയുടെ പുതിയ നീക്കങ്ങൾ ബന്ധം വീണ്ടും വഷളാകുന്നതിലേക്ക് നയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |