ന്യൂയോർക്ക് : റോയ് സള്ളിവൻ എന്ന അമേരിക്കക്കാരന് ഒരു പ്രത്യേകതയുണ്ടായിരുന്നു. എവിടെ മിന്നലുണ്ടോ അത് സള്ളിവനെ പിടികൂടിയിരിക്കും! ഏറ്റവും കൂടുതൽ തവണ മിന്നലേറ്റ് രക്ഷപ്പെട്ട മനുഷ്യൻ എന്ന റെക്കാഡ് സള്ളിവന്റെ പേരിലാണ്. ചരിത്രത്തിൽ ആരും ഇതുപോലൊരു റെക്കാഡ് സ്ഥാപിച്ചിട്ടില്ല. ഒരു സാധാരണ മനുഷ്യന് ശക്തമായ ഒരു മിന്നലേറ്റാൽ മതി ജീവൻ പോകാൻ. എന്നാൽ, ഒന്നും രണ്ടുമൊന്നുമല്ല, ഏഴ് തവണയാണ് സള്ളിവന് മിന്നലേറ്റത്.
1942ലാണ് സള്ളിവന് ആദ്യമായി മിന്നലേൽക്കുന്നത്. പിന്നീട് 1969, 1970, 1972, 1973, 1976, 1977 വർഷങ്ങളിലും മിന്നലേറ്റു. വിർജീനിയയിലെ ഗ്രീൻകൗണ്ടിയിൽ 1912ലാണ് സള്ളിവൻ ജനിച്ചത്. 1936 മുതൽ ഷെനാൻഡോവ നാഷണൽ പാർക്കിൽ റേഞ്ചറായിരുന്നു സള്ളിവൻ. തങ്ങൾക്കും മിന്നലേൽക്കും എന്ന് ഭയന്ന് പലരും സള്ളിവനെ അകറ്റി നിറുത്തി. ഇത് സള്ളിവനെ കടുത്ത ദുഃഖത്തിലാഴ്‌ത്തിയിരുന്നു. 1983ൽ 71ാം വയസിൽ സള്ളിവൻ സ്വയം വെടിവച്ച് മരിക്കുകയായിരുന്നു. സള്ളിവന്റെ രണ്ട് റേഞ്ചർ തൊപ്പികൾ ന്യൂയോർക്കിലെയും സൗത്ത് കാരലീനയിലെയും ഗിന്നസ് വേൾഡ് എക്‌സിബിറ്റ് ഹാളിൽ സൂക്ഷിച്ചിട്ടുണ്ട്. ' ഹ്യൂമൻ ലൈറ്റിംഗ് കണ്ടക്‌ടർ ', ' ഹ്യൂമൻ ലൈറ്റിംഗ് റാഡ് ' എന്നീ അപരനാമങ്ങളിലാണ് സള്ളിവൻ അറിയപ്പെടുന്നത്.
ഒരിക്കൽ സള്ളിവന്റെ ഭാര്യക്കും മിന്നലേറ്റു. കാറ്റും മഴയും പെട്ടെന്ന് വന്നപ്പോൾ ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങൾ എടുക്കാനായി സള്ളിവന്റെ ഭാര്യ പുറത്തിറങ്ങി. ഒപ്പം സഹായിക്കാനായി സള്ളിവനും എത്തിയപ്പോഴാണ് ഭാര്യക്ക് മിന്നലേറ്റത്. ഭാഗ്യവശാൽ സള്ളിവന്റെ ഭാര്യ രക്ഷപ്പെട്ടു. എൺപത് വർഷത്തിനിടെ ഒരാൾക്ക് മിന്നലേൽക്കാനുള്ള സാദ്ധ്യത പതിനായിരത്തിൽ ഒന്ന് മാത്രമാണ്. സള്ളിവൻ ജീവിച്ചിരുന്ന വിർജീനിയയിൽ വർഷത്തിൽ 35 മുതൽ 45 വരെ ഇടിമിന്നലോട് കൂടിയ ദിവസങ്ങളുണ്ടാകും. 1959നും 2000ത്തിനും ഇടയിൽ 58 പേരാണ് വിർജീനിയയിൽ മിന്നലേറ്റ് മരിച്ചത്. കുറഞ്ഞത് 238 പേർക്കെങ്കിലും മിന്നലിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് കണക്ക്. ഇതേ കാലയളവിൽ 3,239 പേരാണ് അമേരിക്കയിൽ മിന്നലേറ്റ് മരിച്ചത്. എന്ത് കൊണ്ട് സള്ളിവനെ മാത്രം പല തവണ മിന്നൽ വിടാതെ പിന്തുടർന്നുവെന്ന് ഇന്നും ശാസ്ത്രലോകത്തിനറിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |