കൊച്ചി: വിൽപ്പനാനന്തര സേവനം നിഷേധിക്കുകയും ആവശ്യമായ സ്പെയർ പാർട്സ് വിപണിയിൽ ലഭ്യമാക്കാതെയും വ്യാപാരം നടത്തിയ ബൈക്ക് നിർമാതാവും ഡീലറും വിലയും നഷ്ടപരിഹാരവും കോടതി ചെലവും പരാതിക്കാർക്ക് നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്‌തൃ തർക്ക പരിഹാര കമ്മിഷൻ. എറണാകുളം സ്വദേശികളായ പ്രശാന്ത് വി, ജയ്ചന്ദ്ര മേനോൻ എന്നിവർ സമർപ്പിച്ച ഹർജിയിലാണ് കമ്മിഷൻ ഉത്തരവ്. എറണാകുളം ഇടപ്പള്ളിയിലെ കാനിഫ് മോട്ടേഴ്സ് , ന്യൂഡൽഹി ആസ്ഥാനമായ യു എം ലോഹിയ ടൂ വീലേഴ്സ് എന്നിവർക്കെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
2.9 ലക്ഷം രൂപ നൽകിയാണ് ക്രൂസർ ബൈക്കുകൾ പരാതിക്കാർ വാങ്ങിയത്. സ്റ്റാർട്ടിങ് പ്രോബ്ലം ഉൾപ്പെടെ പല തകരാറുകളും തുടക്കം മുതലേ തന്നെ ആരംഭിച്ചു. അമിത ശബ്ദം , ചൂട്, അപകടകരമായ രീതിയിൽ പെട്ടെന്ന് ബൈക്ക് നിന്ന് പോവുക ഉൾപ്പെടെയുള്ള പല തകരാറുകളും ബൈക്കിന് ഉണ്ടായി. B.S4 ഫ്യുവൽ ഇൻജക്ഷനിൽ സാങ്കേതിക തകരാർ ഉണ്ടെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ കാർബറേറ്റർ സാങ്കേതികവിദ്യയിലേക്ക് മാറ്റി. എന്നിട്ടും ബൈക്ക് ഉപയോഗിക്കുന്നത് സുരക്ഷിതമല്ല എന്ന് പരാതിക്കാർക്ക് ബോധ്യപ്പെട്ടു. തുടർന്ന് സർവീസ് നൽകാൻ രണ്ടാം എതിർകക്ഷി വിസമ്മതിക്കുകയും ചെയ്തു. ബൈക്കിന്റെ എട്ടാം സർവീസ് ആയതോടെ ആവശ്യമായ പാർട്സും വിപണിയിൽ ലഭ്യമല്ലാതായി.
വാറണ്ടി കാലയളവിനുള്ളിൽ തന്നെയാണ് ഇത് സംഭവിച്ചത്. ന്യൂനത കണ്ടെത്തിയതും ഈ കാലയളവിൽ തന്നെയാണ്. ബൈക്കിന്റെ നിർമ്മാണ ന്യൂനത കണ്ടെത്തിയെങ്കിലും അത് പരിഹരിക്കാനുള്ള യാതൊരു ശ്രമവും എതിർകക്ഷികളുടെ ഭാഗത്ത് നിന്നുണ്ടായില്ല. ബൈക്കിന്റെ വിലയും നഷ്ടപരിഹാരവും കോടതി ചെലവും നൽകണമെന്ന് ആവശ്യപ്പെട്ടാണു പരാതിക്കാർ കമ്മിഷനെ സമീപിച്ചത്.
നിർമ്മാണ ന്യൂനതയാണ് യഥാർത്ഥ കാരണമെന്ന് ഡീലർ ബോധിപ്പിച്ചു. കമ്പനിയുടെ തെറ്റായ നടപടികൾ മൂലം സ്ഥാപനം തന്നെ അടച്ചു പൂട്ടിയ സാഹചര്യത്തിൽ പൊലീസിൽ പരാതി നൽകുകയും ചെയ്തു. നിർമ്മാണപരമായ ന്യൂനത മൂലമുള്ള ബൈക്കിന്റെ തകരാറിന് ഡീലർ ഉത്തരവാദി അല്ലെന്നും നിർമാതാക്കളാണ് അത് പരിഹരിക്കേണ്ടതെന്നും അവർ അറിയിച്ചു.
സ്പെയർപാർട്സുകൾ വിപണിയിൽ ലഭ്യമല്ലാതാക്കുന്നതിലൂടെ ഉൽപ്പന്നം തന്നെ ഉപയോഗശൂന്യമാകുന്നു. ഇത് അധാർമികമായ വ്യാപാര രീതിയാണ്. മാത്രമല്ല റിപ്പയർ ചെയ്ത് ഉപയോഗിക്കാനുള്ള ഉപഭോക്തൃ അവകാശത്തിന്റെ ലംഘനം കൂടിയാണ്. എതിർ കക്ഷിയുടെ പ്രവർത്തികൾ ധനനഷ്ടവും മന:ക്ലേശവും പരാതിക്കാർക്ക് ഉണ്ടാക്കിയെന്നത് സംശയാതീതമായി ബോധ്യപ്പെട്ടെന്ന് ഡി.ബി ബിനു അദ്ധ്യക്ഷനും വി രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ എതിർകക്ഷികൾ തകരാറുകൾ ഇല്ലാത്ത പുതിയ ബൈക്കുകൾ പരാതിക്കാർക്ക് മാറ്റിനൽകുകയോ, ബൈക്കിന്റെ വിലയായ 2,09,750/- രൂപ വീതം തിരികെ നൽകുകയോ ചെയ്യുക. കൂടാതെ, അരലക്ഷം രൂപ വീതം നഷ്ടപരിഹാരമായും 10,000 രൂപ വീതം കോടതി ചെലവായും 30 ദിവസത്തിനകം നൽകണമെന്ന് ഉത്തരവ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |