തിരുവനന്തപുരം: നേമം സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപകരെ കബളിപ്പിച്ച് 61.93 കോടിയുടെ വെട്ടിപ്പ്. 2023-24 സാമ്പത്തിക വർഷത്തിലെ സഹകരണവകുപ്പ് നടത്തിയ ഓഡിറ്റ് റിപ്പോർട്ടിലാണ് തട്ടിപ്പിന്റെ ആഴം വ്യക്തമാക്കുന്നത്. ഇത്രയധികം രൂപ ബാങ്കിന് നഷ്ടമുണ്ടായതെങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല. ഇക്കാലയളവിൽ സ്ഥിരനിക്ഷേപങ്ങൾക്ക് പലിശയായി 11.84 കോടിയാണ് ചെലവഴിച്ചത്. എന്നാൽ നൽകിയ വായ്പകൾക്ക് പലിശയായി ബാങ്കിന് ലഭിച്ചത് 2.73കോടി മാത്രമാണ്. അഞ്ച് വർഷമായി ബാങ്ക് നഷ്ടത്തിലാണ്. 2018-19ൽ ബാങ്കിന്റെ നഷ്ടം 29.40കോടിയായിരുന്നത് 2019-20ൽ 31.9കോടിയായി ഉയർന്നു. 2020-21ൽ ഇത് 36.61കോടിയായും 2021-22ൽ 44.54കോടിയായും വർദ്ധിച്ചതായി കണക്കുകൾ പറയുന്നു. ധനവിനിയോഗത്തിലുണ്ടായ പാളിച്ചയാണ് ബാങ്കിനെ പ്രതിസന്ധിലാക്കിയതെന്ന് വ്യക്തം. ഇത് നിക്ഷേപകരെ ഒന്നാകെ പ്രതിസന്ധിയിലാക്കി. പതിറ്റാണ്ടുകളായി സി.പി.എം നിയന്ത്രണത്തിലുള്ള ബാങ്കിൽ പണം കൈകാര്യം ചെയ്യാൻ കൃത്യമായി ആളുണ്ടായിരുന്നില്ല. സെക്യൂരിറ്റികൾ ഉൾപ്പെടെ പണം കൈകാര്യം ചെയ്തിരുന്നതായി ഭരണസമിതിയിലുള്ളവർ സമ്മതിക്കുന്നു.
നിലവിലെ സെക്രട്ടറി എ.ആർ.രാജേന്ദ്രനും മുൻ പ്രസിഡന്റ് പ്രദീപ് കുമാറും വഴിവിട്ട് ഇഷ്ടക്കാർക്ക് വായ്പ നൽകിയതാണ് ബാങ്കിനെ പ്രതിസന്ധിയിലാക്കിയതെന്നാണ് പ്രധാനപരാതി. ഇക്കാര്യത്തിൽ ഡയറക്ടർ ബോർഡംഗം സുൾഫിക്കറിനെതിരെയും പരാതികളുണ്ട്. മുൻസെക്രട്ടറി ബാലചന്ദ്രൻ എട്ട് വർഷം മുൻപ് വിരമിച്ചെങ്കിലും ഇപ്പോഴും ഇടപെട്ട് വായ്പതരപ്പെടുത്താറുണ്ടെന്നും ആക്ഷേപമുണ്ട്. ഇതിലേറെയും പാർട്ടിക്കാരാണ്. മൂന്ന് സെന്റ് ഭൂമിവരെ ഈടാക്കിയാണ് പലർക്കും വായ്പ നൽകിയത്. ഈ ഭൂമികൾ ജപ്തിചെയ്യാനുമാകില്ല. വായ്പ തിരിച്ചടയ്ക്കാൻ പാർട്ടിക്കാരോട് പറഞ്ഞാൽ പ്രാദേശിക നേതാക്കളിൽ നിന്ന് കത്ത് വാങ്ങി തിരിച്ചടക്കാതിരിക്കും. 2,500 അംഗങ്ങളാണ് ബാങ്കിലുള്ളത്.
51 പരാതികൾ, 9 കേസുകൾ
ബാങ്കിനെതിരെ 51പരാതികളാണ് ഇതുവരെ പൊലീസിന് ലഭിച്ചത്.ഇതിൽ ഒൻപത് കേസ് രജിസ്റ്റർ ചെയ്തു. 25കോടിയോളം രൂപ തട്ടിയതായുള്ള പരാതിയാണ് ഇതിനോടകം ലഭിച്ചത്.എല്ലാവരുടെയും മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
കോഴിക്കച്ചവടക്കാരനെയും പറ്റിച്ചു
ബാങ്ക് പ്രതിസന്ധിയിലായതോടെ നിക്ഷേപകർക്ക് പണം നൽകാൻ ബാങ്ക് അധികൃതർ ഒടുവിൽ ആശ്രയിച്ചത് പ്രദേശത്തെ കോഴിക്കച്ചവടക്കാരനെയാണ്.15ശതമാനം പലിശ വാഗ്ദാനം ചെയ്ത് മൂന്നുമാസത്തിനിടെ ഘട്ടംഘട്ടമായി ഇയാളിൽ നിന്ന് അഞ്ചുകോടിയോളം രൂപ സംഘത്തിൽ നിക്ഷേപമാക്കി.ആദ്യം ബഹളത്തിനെത്തിയവർക്ക് ഇതിൽ നിന്ന് പണം നൽകി.എന്നാൽ കോഴിക്കച്ചവടക്കാരന് മുതലും പലിശയുമില്ലാത്ത സ്ഥിതിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |