ഇരിങ്ങാലക്കുട: വ്യാജ വഴിയവകാശ കരാർ ഉണ്ടാക്കി ഭൂമി തട്ടിപ്പിന് ശ്രമിച്ച അഭിഭാഷകർ ഉൾപ്പെടെ ആറ് പേർക്കെതിരെ ഇരിങ്ങാലക്കുട എസ്.എച്ച്.ഒ കേസെടുത്ത് അന്വേഷണം തുടങ്ങി. ഇരിങ്ങാലക്കുടയിലെയും ചാലക്കുടിയിലെയും അഭിഭാഷകർ ചാലക്കുടി സ്വദേശികളായ ബിജു ഫിലിപ്പ്, രാജൻ പാലത്തിങ്കൽ, ഇരിങ്ങാലക്കുട ആനുരുളി സ്വദേശികളായ ജോസ് സെബാസ്റ്റ്യൻ, ജിനു ജോസ് എന്നിവർക്കെതിരെയാണ് ഇരിങ്ങാലക്കുട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെത്തുടർന്ന് കേസെടുത്തത്.
ഇരിങ്ങാലക്കുട, മുരിയാട് കൂടക്കാട്ട് വീട്ടിൽ റെൻസി മൈക്കിൾ എന്ന വ്യക്തി വാങ്ങിയ സ്ഥലത്തേക്ക് മറ്റൊരാൾക്ക് വഴിയവകാശമുണ്ടെന്ന് സ്ഥാപിക്കാനും അതുവഴി തട്ടിപ്പിനുമായി പ്രതികൾ ഗൂഢാലോചന നടത്തി വ്യാജകരാർ ഉണ്ടാക്കിയെന്ന പരാതിയാണ് കേസിന് ആധാരം. ഇരിങ്ങാലക്കുടയിലെ അഭിഭാഷകൻ വാങ്ങി സൂക്ഷിച്ചിരുന്ന മുദ്രപത്രത്തിൽ മുദ്രപത്രം വാങ്ങിയ ആളുടെ പേര് മായിച്ച് ജോസ് സെബാസ്റ്റ്യന്റെ പേര് എഴുതിച്ചേർത്ത് വ്യാജ വഴി അവകാശക്കരാർ അച്ചടിച്ച് ഉണ്ടാക്കിയെന്നും അത് തെളിവായി കോടതിയിൽ ഹാജരാക്കിയെന്നുമാണ് പരാതി.
പരാതിക്കാരി ഇരിങ്ങാലക്കുട ജില്ലാ ട്രഷറിയിൽ വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചപ്പോൾ മുദ്രപത്രം അഭിഭാഷകന്റെ പേരിലാണ് വാങ്ങിയിരുന്നതെന്ന് മറുപടി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇരിങ്ങാലക്കുട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പരാതി കൊടുത്ത് പ്രതികൾക്കെതിരെ കേസ് എടുക്കാൻ ഉത്തരവ് സമ്പാദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |