തിരുവനന്തപുരം:സുതാര്യമായും സത്യസന്ധമായും കാര്യക്ഷമമായും കടമകൾ നിർവഹിക്കുന്ന ഒരു ഉദ്യോഗസ്‌ഥന്റെയും ആത്മാഭിമാനത്തെ ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എ.ഡി.എം നവീൻ ബാബുവിന്റെ മരണം നടന്ന് 9 ദിവസം പിന്നിടുമ്പോഴാണ് മുഖ്യമന്ത്രിയുടെ പരസ്യപ്രതികരണം.
നവീൻ ബാബുവിന്റെ അകാല വിയോഗം അതീവ ദുഃഖകരമെന്നും ഇക്കാര്യം ആവർത്തിക്കാതിരിക്കാൻ നടപടികൾ ഉണ്ടാവുമെന്നും ഉറപ്പ് നൽകി.
സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ 51-ാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാർ ജീവനക്കാർക്ക് മനുഷ്യസ്‌നേഹവും സാമൂഹ്യപ്രതിബദ്ധതയും മുഖമുദ്രയായിരിക്കണം. സമബന്ധിതമായി തീരുമാനങ്ങളെടുക്കണം.
ഒരു കാര്യത്തിന് നിരവധി തവണ ഓഫീസിൽ കയറിയിറങ്ങേണ്ട അവസ്ഥയുണ്ടാവരുത്. യഥാർത്ഥ ഭരണകർത്താക്കളായ ജനങ്ങൾ അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി പീഡനമനുഭവിക്കേണ്ടി വരരുത്. പഴയ ശീലങ്ങൾ ഉപേക്ഷിക്കാൻ കഴിയണം. കെ.എ.എസ് തുടർ റിക്രൂട്ട്‌മെന്റ് നടത്തും.
അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം പേര് സമ്പാദിച്ചു. അഴിമതിയില്ലാത്ത സ്ഥലമായി സെക്രട്ടേറിയറ്റ് മാറി. ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാവുന്നുണ്ടെങ്കിൽ അത് വളരാതിരിക്കാനുള്ള ഇടപെടൽ നടത്തണം. ഉദ്യോഗസ്ഥർ സർക്കാരിന്റെ മുഖമാണ്.
ജീവനക്കാരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. സ്ഥലംമാറ്റം ഓൺലൈനായി നടപ്പാക്കാനുള്ള നടപടികൾ പൂർത്തിയായിക്കഴിഞ്ഞു.
വയനാട് ദുരന്തത്തിന്റെ ഗൗരവം ഉൾക്കൊണ്ട് കേന്ദ്ര സഹായം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ദുരന്തത്തിനിരയായ മറ്റ് സംസ്ഥാനങ്ങളിലെ പ്രദേശങ്ങൾക്ക് സഹായം ലഭ്യമായിക്കഴിഞ്ഞു. ഇക്കാര്യം വീണ്ടും കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു.
അസോസിയേഷൻ പ്രസിഡന്റ് പി.ഹണി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.എൻ അശോക് കുമാർ, സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയ് എം.എൽ.എ, വിവിധ സർവീസ് സംഘടനകളെ പ്രതിനിധീകരിച്ച് എം.എ അജിത് കുമാർ, കെ ബദറുന്നീസ, എം.ഷാജഹാൻ, എസ്.സതികുമാർ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |