തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് ചൂണ്ടിക്കാട്ടുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.
നാളെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകൾക്ക് ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. അതിശക്തമായ മഴ പ്രവചിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശം നൽകി.
'ദന' ചുഴലിക്കാറ്റ് വടക്കു -പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്രച്ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചിരിക്കുകയാണ്. ഇന്ന് രാത്രി അല്ലെങ്കിൽ നാളെ അതിരാവിലെയോടെ ഒഡീഷ-പശ്ചിമ ബംഗാൾ തീരത്ത് പുരിക്കും സാഗർ ദ്വീപിനും ഇടയിൽ മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാദ്ധ്യതയുണ്ട്.
തെക്കു -കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ഇക്കാരണങ്ങളാൽ കേരളത്തിൽ അടുത്ത ഒരാഴ്ച ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നും നാളെയും അതി ശക്തമായ മഴയ്ക്കും ഒക്ടോബർ 24 മുതൽ 27 വരെ ശക്തമായ മഴക്കും സാദ്ധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |