ന്യൂഡൽഹി: ദ ഹിന്ദു ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖത്തിൽ ഡൽഹി പൊലീസിനും ഗവർണർക്കും എച്ച് ആർ ഡി എസ് പരാതി നൽകി. വിവാദ അഭിമുഖത്തിൽ മുഖ്യമന്ത്രി, മാദ്ധ്യമപ്രവർത്തക, ദ ഹിന്ദു, പിആർ ഏജൻസി എന്നിവർക്കെതിരെ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പരാതികളിൽ നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് എച്ച് ആർ ഡി എസ് സെക്രട്ടറി അജിത കൃഷ്ണ അറിയിച്ചു. അഭിമുഖത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട മലപ്പുറം പരാമർശം വൻ വിവാദമായി ആഴ്ചകൾക്ക് ശേഷമാണ് എച്ച് ആർ ഡി എസ് പരാതി നൽകിയിരിക്കുന്നത്.
അതേസമയം, അഭിമുഖത്തിന് ഒരു ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ലാത്തതിനാൽ, പി ആർ ഏജൻസിയുടെ പ്രതിനിധി അഭിമുഖം നടത്തുന്ന സമയത്തുണ്ടായിരുന്നോ എന്ന ചോദ്യം ബാധകമല്ലെന്നും നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ മുഖ്യമന്ത്രി വിശദമാക്കിയിരുന്നു.
മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നാടെന്ന നിലയ്ക്ക് വർഗീയ ശക്തികളുടെ എക്കാലത്തെയും ആക്രമണലക്ഷ്യമാണ് കേരളം. അഭിമുഖത്തിൽ മലപ്പുറം ജില്ലയെ കുറിച്ച് ഒരു പരാമർശവും നടത്തിയിട്ടില്ല. അക്കാര്യം വിശദമാക്കി ദ ഹിന്ദു ദിനപ്പത്രം ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |