മലപ്പുറം: കഴിഞ്ഞ ദിവസമാണ് മരണത്തിന്റെ മൺകൂനയ്ക്കടിയിൽ നിന്ന് കൈകൾ കോർത്തുപിടിച്ച നിലയിൽ ഗീതു എന്ന അമ്മയുടേയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ പുറത്തെടുത്തത്. മരണം മലവെള്ളമായി ആർത്തലച്ചെത്തിയപ്പോഴും ഒന്നര വയസുകാരൻ ധ്രുവിന്റെ കൈയിലെ പിടിത്തം ഗീതു വിട്ടിരുന്നില്ല. മലയാളികളുടെ മുഴുവൻ നെഞ്ചു തകർത്തൊരു കാഴ്ചയായിരുന്നു അത്.
ഒരു സന്തോഷം കാണാൻ അനുവദിക്കാതെയാണ് ഗീതുവിനെ മരണം തട്ടിയെടുത്തത്. രണ്ടുവർഷം മുമ്പാണ് വീട്ടുകാരുടെ സമ്മതം കൂടാതെ ഗീതു ശരത്തിനെ വിവാഹം കഴിച്ചത്. ശേഷം കോട്ടക്കുന്നിലെ ഒരു വാടക വീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. വീട്ടുകാർ ശരത്തിനെയും തന്നെയും എന്നെങ്കിലും സ്വീകരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഗീതു.
ധ്രുവ് ജനിച്ചതോടെ വീട്ടുകാരുടെ എതിർപ്പ് കുറഞ്ഞു. മകളെയും ഭർത്താവിനെയും സ്വീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു മോങ്ങം സ്വദേശികളായ ഗംഗാധരനും ബിന്ദുവും. എന്നാൽ കാത്തിരുന്ന ആ സന്തോഷം കാണാൻ ഗീതുവിന് കഴിഞ്ഞില്ല. കട്ടിലിൽ ഗീതുവും കുഞ്ഞും കിടക്കുമ്പോഴാണ് മലയിടിഞ്ഞ് വീണത്. ശരത്ത് അപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും, അമ്മയുടെ മൃതദേഹം മണ്ണിനിടയിൽ നിന്ന് കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |