തൃശൂർ: പൂരം കലങ്ങിയില്ലെന്നും വെടിക്കെട്ട് വൈകുക മാത്രമാണുണ്ടായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയതിനു പിന്നാലെയാണ് ഗൂഢാലോചനക്കുറ്റം ചുമത്തി തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തതെന്ന വിവരം പുറത്തുവന്നു. വിവാദമായതോടെ, അലങ്കോലമാക്കാൻ ശ്രമം നടന്നെന്ന നിലപാടിലേക്ക് മുഖ്യമന്ത്രി മാറി. ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ വൈകിട്ട് വിശദീകരണക്കുറിപ്പിറക്കി.
പൂരം കലങ്ങുക മാത്രമല്ല, നടത്തേണ്ടതുപോലെ നടത്താൻ ചിലർ സമ്മതിച്ചില്ലെന്ന് തുറന്നടിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞിരുന്നു. ശനിയാഴ്ച വൈകിട്ട് നാലിനാണ്
പൂരം കലങ്ങിയില്ലെന്ന് മുഖ്യമന്ത്രി കോഴിക്കോട്ട് പ്രസംഗിച്ചത്. അന്ന് രാത്രി ഏഴരയോടെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
പൂരം അലങ്കോലപ്പെടുത്താൻ ശ്രമമുണ്ടായെന്ന നിലപാടാണ് ആദ്യം മുതൽ സർക്കാരിന്റേതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണകുറിപ്പിൽ പറയുന്നു. കേസ് നടപടികൾ ഇതിന്റെ ഭാഗമാണെന്ന സൂചനയും നൽകി. ജാതിമത ഭേദമന്യേ ആഘോഷിക്കുന്ന പൂരം അലങ്കോലപ്പെടുത്തി ഒരു വിഭാഗത്തിന്റെ മതവികാരവും വിശ്വാസവും വ്രണപ്പെടുത്താൻ ഗൂഢാലോചനയുണ്ടായെന്നാണ് എഫ്.ഐ.ആറിലുള്ളത്.
ഗൂഢാലോചന, മതപരമായ ആഘോഷം തടസപ്പെടുത്തൽ, സ്‌പർദ്ധയുണ്ടാക്കാൻ ശ്രമം തുടങ്ങിയ കുറ്റങ്ങൾക്ക് ഐ.പി.സി 295എ, 120ബി, 153 വകുപ്പ് പ്രകാരമാണ് കേസ്. ആരെയും പ്രതി ചേർത്തിട്ടില്ല.
പൂരം കലങ്ങിയതുമായി ബന്ധപ്പെട്ടുള്ള ആദ്യ കേസാണിത്. അന്വേഷണം നിലച്ചെന്ന ആക്ഷേപത്തിനിടെയാണ് പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനായ ഇൻസ്‌പെക്ടർ ചിത്തരഞ്ജനെ പരാതിക്കാരനാക്കി കേസെടുത്തത്. എന്നാൽ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളിൽ നിന്ന് അന്വേഷണ സംഘം വിവര ശേഖരണം നടത്തിയിട്ടില്ല.
ഈ മാസം മൂന്നിനാണ് പൂരം കലക്കലിൽ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചു. എന്നാൽ, നടപടികൾ മുമ്പോട്ടുപോയിരുന്നില്ല. തിരുവമ്പാടി ദേവസ്വത്തെ സംശയത്തിലാക്കുന്ന റിപ്പോർട്ടാണ് മുൻ എ.ഡി.ജി.പി എം.ആർ. അജിത് കുമാർ നൽകിയിരുന്നത്. എ.ഡി.ജി.പിയുടെ വീഴ്ച ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ടാണ് ഡി.ജി.പി നൽകിയത്. എ.ഡി.ജി.പിയുടെ റിപ്പോർട്ടിന്മേൽ കേസെടുക്കാനാകില്ലെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം കിട്ടിയിരുന്നു.
അലങ്കോലശ്രമത്തിലാണ് കേസന്വേഷണം
1. പൂരം അലങ്കോലപ്പെടുത്താൻ ശ്രമങ്ങളുണ്ടായെന്ന നിലപാടാണ് അന്വേഷണം സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിലും നിയമസഭയിലും വ്യക്തമാക്കിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.
2. ഉദ്യോഗസ്ഥതലത്തിൽ ആരെങ്കിലും കുറ്റം ചെയ്യുകയോ അനാസ്ഥ കാണിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് അർഹമായ ശിക്ഷ നൽകും.
3. പൂരാഘോഷവുമായി ബന്ധപ്പെട്ട ഇടപെടലുകളെല്ലാം പരിശോധിക്കും. വരും വർഷങ്ങളിൽ കുറ്റമറ്റരീതിയിൽ പൂരം നടത്താനാണ് ശ്രമം.
4. പൂരം പാടെ കലങ്ങിയെന്ന മട്ടിലുള്ള അതിശയോക്തിപരമായ പ്രചാരണങ്ങളാണ് പ്രതിപക്ഷം നടത്തുന്നത്. ഇത്തവണത്തെ പൂരവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളുണ്ടായെന്നത് വസ്തുതയാണെന്നും വിശദീകരണക്കുറിപ്പിൽ പറയുന്നു.
വർഗീയ നേട്ടങ്ങൾക്ക്
ഉപയോഗിക്കരുതെന്നും
മുഖ്യമന്ത്രിയുടെ ഓഫീസ്...പേജ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |