തൃശൂർ : ദേശമംഗലം പഞ്ചായത്തിലെ തലശേരി സെന്റർ. രാവിലെ ആളുകൾ
ഒത്തു കൂടുന്നു.എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ.പ്രദീപിനായി അവർ കാത്തു നിന്നു.
സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം ആഞ്ഞ് വീശിയപ്പോഴും എൽ.ഡി.എഫിനൊപ്പം ഉലയാതെ നിന്ന മണ്ഡലമാണ് ചേലക്കര. അതുകൊണ്ട് പ്രവർത്തകർക്കും ആശങ്കയൊന്നുമില്ല.ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ചേലക്കരയുടെ പ്രതിനിധിയായി നിയമസഭയിലുണ്ടായിരുന്ന പ്രദീപിനെ പതിറ്റാണ്ടായി നാടിനറിയാം. പഞ്ചായത്ത് അംഗമായും പ്രസിഡന്റായും പാർട്ടി ഭാരവാഹിയായും നിറഞ്ഞു നിൽക്കുന്നയാൾ.
കാറിൽ നിന്നിറങ്ങിയ ഉടനെ സ്ത്രീകളടക്കമുള്ള പ്രവർത്തകരും നാട്ടുകാരും ചുറ്റും കൂടി. എല്ലാവരോടും വിശേഷങ്ങൾ ചോദിച്ചു.എങ്ങനെയുണ്ട് സഖാവേ എന്ന ചോദ്യത്തിന് പുഞ്ചിരിച്ച് കൊണ്ടായിരുന്നു മറുപടി." നമുക്ക് എന്തിന് ടെൻഷൻ... ചേലക്കരക്കാർക്ക് നമ്മളെ അറിയാം. എല്ലാവരും ഉഷാറല്ലേ"യെന്നായി മറു ചോദ്യം. ഇവിടെ എല്ലാം ഒക്കെയാണെന്നായിരുന്നു പ്രവർത്തകരുടെ മറുപടി.
ചേലക്കരയിൽ കഴിഞ്ഞ എതാനും പതിറ്റാണ്ടായി തുടർന്നുവരുന്ന വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ചേലക്കരക്കാർ ആഗ്രഹിക്കുന്നത്. രാധേട്ടൻ (മന്ത്രി രാധാകൃഷ്ണൻ) ഉണ്ടായിരുന്നപ്പോഴും അഞ്ച് വർഷക്കാലം ഞാനായിരുന്നപ്പോഴും ഒട്ടേറെ കാര്യങ്ങൾ മണ്ഡലത്തിനായി ചെയ്തു. ഇനിയും കാര്യങ്ങൾ ചെയ്യാനുണ്ട്. സംസ്ഥാന സർക്കാർ ജനങ്ങളുടെ ക്ഷേമത്തിനായാണ് പ്രവർത്തിക്കുന്നത്. അത് തിരിച്ചറിയുന്നത് കൊണ്ടാണ് ചേലക്കരക്കാർ എൽ.ഡി.എഫിനെ സ്വീകരിക്കുന്നത്. പൂരം വിവാദങ്ങളൊന്നും ചേലക്കരയിലെ സാധാരണക്കാരിൽ ഇല്ല.അവർക്ക് അവരുടെ ദൈനംദിന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനം. പ്രചാരണത്തിനിടെ തന്നോട് പലരും പറഞ്ഞത് ഇനിയും ചിലത് പൂർത്തിയാക്കാനുണ്ടെന്നാണ്. അതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ്. അതിൽ നിന്ന് മനസിലായത് ചേലക്കരക്കാർ ഉറപ്പിച്ചു കഴിഞ്ഞെന്നാണ്-പ്രദീപ് പറഞ്ഞു.
അൽപ്പ നേരത്തെ സംസാരത്തിന് ശേഷം നേരെ തളിയിലേക്കായിരുന്നു യാത്ര. രാത്രി ഒമ്പതര വരെയായിരുന്നു ഷെഡ്യൂളെങ്കിലും പത്ത് മണിയായിട്ടും പൂർത്തിയായില്ല. മൂന്ന് കൺവെൻഷനിലും അദ്ദേഹം പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |