തിരുവനന്തപുരം: അദ്ധ്യാപകരുടെ കൈവശം ഉത്തരക്കടലാസുകൾ കൊടുത്തുവിടുന്നതും അവ നഷ്ടപ്പെടുന്നതും ഒഴിവാക്കാൻ കേരള സർവകലാശാല പി.ജി പരീക്ഷകളിൽ ഓൺസ്ക്രീൻ മൂല്യനിർണയം നടപ്പാക്കുന്നു. ഇതിനായി പ്രത്യേക സോഫ്‌റ്റ്‌വെയർ സജ്ജമായി. ഉത്തരക്കടലാസുകൾ സ്കാൻ ചെയ്ത് സോഫ്‌റ്റ്‌വെയറിലാക്കും. അതിൽത്തന്നെ മാർക്കിടുന്ന സംവിധാനവും ഉണ്ടാവും. അദ്ധ്യാപകർക്ക് വീട്ടിലോ കോളേജിലോ ഇരുന്ന് മൂല്യനിർണയം നടത്താം. ഒരേസമയം ഇരട്ട മൂല്യനിർണയവും സാദ്ധ്യമാകും. 15ശതമാനത്തിലേറെ മാർക്ക് വ്യത്യാസമുണ്ടെങ്കിൽ മൂന്നാം മൂല്യനിർണയവുമുണ്ടാവും. ദിവസങ്ങൾക്കകം ഫലം പ്രഖ്യാപിക്കാനുമാവും. ടാബുലേഷനും സ്ക്രീനിൽ നടത്താം. സർവകലാശാല നൽകുന്ന പാസ്‌വേർഡുപയോഗിച്ചേ ഓൺലൈൻ സംവിധാനത്തിലേക്ക് ലോഗിൻ ചെയ്യാനാവൂ.
ഉത്തരക്കടലാസുകൾ പരീക്ഷാകേന്ദ്രത്തിൽ തന്നെ സ്കാൻചെയ്ത് സോഫ്‌റ്റ്‌വെയറിൽ അപ്‌ലോഡ് ചെയ്യാനാണ് ശ്രമം. കുട്ടികൾ കുറവുള്ള എം.സി.എ, ബി.പി.ഇ.എഡ്, എം.പി.ഇ.എഡ്, 15കോളേജുകളിലുള്ള പി.ജി ന്യൂജനറേഷൻ കോഴ്സുകളിൽ ഓൺസ്ക്രീൻ മൂല്യനിർണയം ഫലപ്രദമായി നടപ്പാക്കിയിട്ടുണ്ട്. സൗകര്യങ്ങളൊരുക്കാൻ 50ലക്ഷം രൂപ ബഡ്ജറ്റിലുണ്ട്. ഉത്തരക്കടലാസുകൾ സ്കാൻ ചെയ്യാനുള്ള യന്ത്രങ്ങളും സജ്ജമായി. എല്ലാ പി.ജി പരീക്ഷകളുടെയും മൂല്യനിർണയത്തിന് സോഫ്‌റ്റ്‌വെയറിൽ കുറേക്കൂടി പരിശോധന വേണം. നിലവിൽ മൂല്യനിർണയം കഴിഞ്ഞ് ഉത്തരക്കടലാസ് സർവകലാശാലയിൽ തിരിച്ചെത്തിയ ശേഷമാണ് രണ്ടാം മൂല്യനിർണയത്തിന് അയയ്ക്കുക. ഇതുകാരണം സമയനഷ്ടമേറെയാണ്.
സോഫ്റ്റ് വെയറിൽ മാർക്കിട്ട് സേവ് ചെയ്യുന്നത് സർവകലാശാലയുടെ സെർവറിൽ അപ്പോൾത്തന്നെ രേഖപ്പെടുത്തും. എഡിറ്റിംഗ് അസാദ്ധ്യമാണ്. മാർക്കിട്ട ഉത്തരക്കടലാസ് വിദ്യാർത്ഥിക്കും ലഭിക്കും. ഇരട്ടമൂല്യനിർണയമുള്ളതിനാൽ മാർക്ക് കൂട്ടിയാലോ കുറച്ചാലോ വേഗത്തിലറിയാം.
ആരോഗ്യവാഴ്സിറ്റി 100% ഓൺലൈൻ
ആരോഗ്യസർവകലാശാലയിൽ എല്ലാ പരീക്ഷകളുടെയും മൂല്യനിർണയം ഓൺലൈനിലാണ്. പി.ജിമെഡിക്കൽ പരീക്ഷകഴിഞ്ഞ് നാലുദിവസത്തിനകം ഫലമായി. കോളേജുകളിലെ കമ്പ്യൂട്ടർ സെന്ററുകളിലാണ് മൂല്യനിർണയം. സിസിടിവി നിരീക്ഷണവുമുണ്ടാവും. അദ്ധ്യാപകന്റെയും സൂപ്പർവൈസറുടെയും പാസ്‌വേഡുപയോഗിച്ചേ ഓൺസ്ക്രീൻ സംവിധാനത്തിൽ പ്രവേശിക്കാനാവൂ. കുട്ടികൾക്ക് ഉത്തരക്കടലാസിന്റെ പ്രിന്റും നൽകും.
''മൂല്യനിർണയത്തിലെ പാളിച്ചകളെല്ലാം തിരുത്തും. ഫലപ്രദമാണ് ഓൺസ്ക്രീൻ മാർക്കിടൽ.
-ഡോ.മോഹനൻ കുന്നുമ്മേൽ
വൈസ്ചാൻസലർ, കേരള യൂണി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |