റവന്യു ജില്ലാ ശാസ്‌ത്രോത്സവം സമാപിച്ചു
തിരുവനന്തപുരം: നെല്ലിമൂട് ന്യൂ.എച്ച്.എസ്.എസിൽ നടന്ന റവന്യൂ ജില്ലാ ശാസ്‌ത്രോത്സവം വിജയികളുടെ ആഹ്ളാദാരവങ്ങളോടെ കൊടിയിറങ്ങി. 1198 പോയിന്റോടെ ഓവറാൾ ചാമ്പ്യന്മാരായ ആറ്റിങ്ങൽ ഉപജില്ലയും സമ്മാനാർഹരായ മറ്റ് ഉപജില്ലകളും സ്കൂളുകളും ട്രോഫികൾ ഏറ്റുവാങ്ങി. 348 പോയിന്റ് നേടി ആറ്റിങ്ങൽ ഗവ.എച്ച്.എസ്.എസ് ഫോർ ഗേൾസ് സ്‌കൂൾ ഒന്നാമതെത്തി. സാമൂഹ്യശാസ്ത്രമേളയിൽ 90 പോയിന്റുമായി തിരുവനന്തപുരം സൗത്തും കിളിമാനൂരുമാണ് ചാമ്പ്യന്മാർ. 37 പോയിന്റുമായി ന്യൂ എച്ച്.എസ്.എസ് നെല്ലിമൂടും കെ.ടി.സി.ടി ഇ.എം.എച്ച്.എസ്.എസ് കടുവയിലും മികച്ച സ്‌കൂളുകളായി.
ഐ.ടി മേളയിൽ 110 പോയിന്റുമായി തിരുവനന്തപുരം നോർത്ത് ചാമ്പ്യന്മാരായി. 45 പോയിന്റ് സ്വന്തമാക്കിയ നിർമലഭവൻ ഗേൾസ് എച്ച്.എസ്.എസ് ആണ് മികച്ച സ്‌കൂൾ. പ്രവൃത്തിപരിചയമേളയിൽ 712 പോയിന്റുമായി ആറ്റിങ്ങൽ ഉപജില്ല ചാമ്പ്യന്മാരായി. 251 പോയിന്റ് നേടിയ ആറ്റിങ്ങൽ ഗവ.എച്ച്.എസ്.എസ് ഫോർ ഗേൾസാണ് മികച്ച സ്‌കൂൾ. ശാസ്ത്രമേളയിൽ ആറ്റിങ്ങൽ ഉപജില്ലയും ഗണിതശാസ്ത്രമേളയിൽ കിളിമാനൂരും ചാമ്പ്യന്മാരായി. നെല്ലിമൂട് ന്യൂ.എച്ച്.എസ്.എസ് അങ്കണത്തിൽ അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പി.സുനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ.റാണി ഉദ്ഘാടനം ചെയ്തു. അജിത.സി.എസ്,എസ്.കെ.അനിൽകുമാർ,എ.ഇ.ഒ കവിതാ ജോൺ,ശ്രീകല എൻ.എസ്, സബ് കമ്മിറ്റി കൺവീനർമാരായ പ്രകാശ് പോരേടം,പബ്ലിസിറ്റി കൺവീനർ സുനിൽകുമാർ ആർ.എസ്,റെനീഷ് വിൽസൻ,ഇ.ലോർദ്ദാൻ,ഷംനാദ്,നെയ്യാറ്റിൻകര ഡി.ഇ.ഒ ബി.ഇബ്രാഹിം,ആർ.വിദ്യാ വിനോദ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |