
കോഴി എന്ന് കേൾക്കുമ്പോൾ ഇന്ന് ആളുകൾ തെറ്റിദ്ധരിക്കുന്നു. സ്ത്രീലമ്പടൻമാരുടെ പര്യായമായി കോഴിയെ മാറ്റി. പെണ്ണെന്ന് കേൾക്കുമ്പോൾ പിരിവെട്ടുന്ന ഞരമ്പുരോഗികളെ പരിഹസിക്കാൻ പാവം കോഴിയുടെ പേര് ആളുകൾ ഉപയോഗിക്കുന്നു. പിടക്കോഴിയെക്കാണുമ്പോൾ ഹാലിളകുകയും ഒാടിച്ചിട്ട് കീഴ്പ്പെടുത്തുകയും ചെയ്യുന്ന പൂവൻകോഴിയുടെ വെപ്രാളമാണ് ഇൗ പേരുവീഴലിന് പിന്നിൽ. പൂവൻകോഴി തെറ്റുകാരനാണോ?. അല്ല. പ്രകൃതി ഏൽപ്പിച്ച ദൗത്യം പൂവൻകോഴി നിഷ് കാമ കർമ്മമായി അനുഷ്ഠിക്കുന്നെന്നേയുള്ളു. അവിടെ കാമമില്ല. കർമ്മമേയുള്ളു. മനുഷ്യരാശിയുടെ നിൽനിൽപിന് വേണ്ടിയുള്ള അദ്ധ്വാനമാണത്. മനുഷ്യർക്ക് മുട്ടനൽകി അവരെ അരോഗ്യമുള്ളവരാക്കാനാണ് ആ പ്രവർത്തനം. തന്റെ രക്തവും വിയർപ്പുംകൊണ്ട് കോഴി നൽകുന്ന മുട്ടകളെ വിരിയാൻ അനുവദിക്കാതെ മനുഷ്യൻ അവയെ മനസാക്ഷിയില്ലാതെ അകത്താക്കുന്നു. എന്നിട്ടാണ് അവർ കോഴിയെ പരിഹസിക്കുന്നത്. എന്തൊരു കഷ്ടം . കോഴിപ്പേര് പറഞ്ഞ് കളിയാക്കുന്നവർ ഉണ്ട മുട്ടയ്ക്ക് നന്ദികാട്ടാത്തവരാണ്.
കോഴി പരിഹസിക്കപ്പെടേണ്ട ജീവിയല്ല. കഥയിലും കവിതയിലും എന്തിന് പുരാണത്തിൽ പോലും കോഴിക്ക് റോളുണ്ട്. പഴയ കവിതയിൽ 'താക്കോൽ കൊടുക്കാതരുണോദയത്തിൽ താനേ മുഴങ്ങുന്ന അലാറമായ' കോഴിയെ ഒാർക്കുന്നില്ലേ. കരുത്തിന്റെ കാര്യത്തിലും കോഴി മോശമല്ല. കോഴിപ്പോര് കളി മാത്രമല്ല, പന്തയക്കാശ് കൊണ്ട് പകിടകളിക്കുന്ന കാര്യം കൂടിയാണ്. കൊക്കരക്കോ പറഞ്ഞ് സ്മാർട്ടായി ഒാടി നടന്ന നാടൻകോഴികളുടെ സ്ഥാനത്ത് ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന മട്ടിലുള്ള ബ്രോയിലറുകൾ ചിക്കൻ കടകളിൽ മാംസം വിൽക്കാനെത്തിയതോടെയാണ് കോഴിചരിത്രത്തിന് നാണക്കേടുണ്ടായത്. നിവർന്നുനിൽക്കാനുള്ള ആരോഗ്യമില്ലാതെ അവ വീണിതല്ലോ കിടക്കുന്നു ധരണിയിൽ എന്ന മട്ടിൽ തിന്നാനും മരിക്കാനുമായി മാത്രം ജീവിക്കുന്നു.
നട്ടെല്ലുള്ള നാടൻകോഴികൾക്ക് വംശനാശം നേരിടുകയാണ്. പഴയ മുഖ്യമന്ത്രി എ.കെ.ആന്റണി നിരോധിച്ചിട്ടും നാടൻചാരായം നാടുവിടാതെ നിയമത്തിന്റെ കണ്ണുവെട്ടിച്ച് ഇപ്പോഴും ഇവിടെയുണ്ട്. പക്ഷേ ആരും നിരോധിച്ചില്ലെങ്കിലും നാടൻകോഴി നാട്ടിൽ നിന്ന് അപ്രത്യക്ഷമാവുകയാണ്. അതിരാവിലെ കൂവിയുണർത്താൻ ഇന്ന് പൂങ്കോഴികളില്ല. സന്ധ്യയ്ക്ക് കോഴികൾ കൂട്ടിൽ കയറിയോ എന്ന് അമ്മമാർക്ക് വെപ്രാളപ്പെടാൻ ഒരു വീട്ടിലും കോഴിക്കൂടില്ല. ഒരു അമ്മയും കോഴിമുട്ടകൾ അരിപ്പാത്രത്തിൽ സൂക്ഷിച്ചുവയ്ക്കുന്നില്ല. കോഴിയെയും കോഴിമുട്ടയെയും കടകളിൽ വാങ്ങാൻ കിട്ടും. സ്നേഹം പോലും വിലകൊടുത്തു വാങ്ങേണ്ട കാലമാണ്. വീട്ടിലും പറമ്പിലും കൊക്കരക്കോ പാടി നടന്ന പഴയ കോഴികളുടെ കാലമേ വിട.....
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |